സംഘാടനം പൂർണ പരാജയം; ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി ഫിഫ

January 24, 2018

ഇന്ത്യ ആതിഥേയത്വം  വഹിച്ച അണ്ടർ 17 ലോകകപ്പിന്റെ സംഘാടനത്തിനെതിരെ കടുത്ത വിമർശനവുമായി  ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. ഡൽഹിയിൽ നടന്ന 5ാം അന്താരാഷ്ട്ര ഫുട്ബോൾ ബിസിനസ്സ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി സെപ്പിയെത്തിയത്.

‘ആരാധകർക്കും  താരങ്ങൾക്കും  അവർ അർഹിക്കുന്ന പ്രാധാന്യം നൽകാതെയാണ് ടൂർണമെന്റ് നടന്നത്. അതുകൊണ്ടു തന്നെ ഒരു ടൂർണമെന്റിന്റെ മികച്ച  സംഘാടനത്തിനു വേണ്ട പലകാര്യങ്ങളും നഷ്ടപ്പെട്ടു. താരങ്ങൾക്ക് അനുവദിച്ച ഡ്രസിങ് റൂമിൽ എലികൾക്ക് അടുത്ത് നിന്ന് കൊണ്ട് വസ്ത്രം മാറേണ്ട അവസ്ഥവരെയുണ്ടായി.  ടൂർണമെന്റ് വൻ വിജയമായിരുന്നുവെന്ന് പലരും പറയുന്നു.എന്നാൽ ഒരു ആരാധകനെന്ന നിലയിൽ ഇന്ത്യ ആതിഥ്യം വഹിച്ച അണ്ടർ 17 ലോകകപ്പ് തികഞ്ഞ പരാജയമായിരുന്നെന്ന് ഞാൻ പറയും’-സെപ്പി കുറ്റപ്പെടുത്തി.

ഇതുവരെ കണ്ടിട്ടില്ലാത്ത നിലവാരത്തിൽ മികച്ച കളി കാണാൻ സാധിച്ചത് മാത്രമാണ് ആരാധരുടെ വിജയമെന്ന് പറഞ്ഞ സെപ്പി ഇന്ത്യയിൽ നിലവിലുള്ള ഫുട്ബോൾ ലീഗുകൾ നിലവാരം കുറഞ്ഞവയാണെന്നും, ഇവിടെ ഒരു ടൂർണമെന്റ് നടത്തുകയെന്നത് വളരെ ക്ലേശകരമായ സംഗതിയാണെന്നും  കുറ്റപ്പെടുത്തി