പാകിസ്ഥാനെ തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ

January 30, 2018

ബദ്ധവൈരികളായ പാകിസ്ഥാനെ തകർത്തു തരിപ്പണമാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. ന്യൂസീലൻഡ് ആതിഥ്യമരുളുന്ന ലോകകപ്പിന്റെ രണ്ടാം സെമിയിൽ 203 റൺസിനാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചു വിട്ടത്.ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ  9 വിക്കറ്റ് നഷ്ടത്തിൽ 272 റണ്സെടുത്തു.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 69 റൺസിന് എല്ലാവരും  പുറത്താവുകയായിരുന്നു. ഫെബ്രുവരി 3 ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.

സെഞ്ച്വറി നേടിയ ഷുബ്മാൻ ഗില്ലിന്റെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 272 റൺസ് അടിച്ചെടുത്തത്. 94 പന്തുകളിൽ നിന്നായി 7 ബൗണ്ടറികളുടെ അകമ്പടിയോടെയാണ്  ഷുബ്മാൻ ഗിൽ  102 റൺസ് നേടിയത്. 41 റൺസ് നേടിയ ക്യാപ്റ്റൻ പൃഥ്വി ഷായും 33 റൺസ് നേടിയ അങ്കുൾ റോയും ഷുബ്മാൻ ഗില്ലിന്  മികച്ച പിന്തുണ നൽകി.

മറുപടി ബാറ്റിങ്ങിൽ ഒരിക്കൽപോലും ഇന്ത്യക്ക് വെല്ലുവിളിയുയർത്താനാകാതെയാണ് പാകിസ്ഥൻ കീഴടങ്ങിയത്.അവരുടെ ഏഴു താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായപ്പോൾ 18 റൺസെടുത്ത റോഹയിൽ നാസറും 15 റൺസെടുത്ത സാദ് ഖാനുമാണ് അൽപമെങ്കിലും ചെറുത്തു നിൽപ്പ് നടത്തിയത്. 4 വിക്കറ്റെടുത്ത ഇഷാൻ പോറലാണ്  ഇന്ത്യയുടെ ബൗളിംഗ് ഹീറോ. 102 റൺസുമായി പുറത്താകാതെ നിന്ന ഷുബ്മാൻ ഗില്ലാണ്  കളിയിലെ താരം.