കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ പൊരുതുന്നു
ദക്ഷിണാഫ്രക്ക ഒന്നാം ഇന്നിങ്സ് 335, ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 307, ദക്ഷിണാഫ്രിക്ക 2ാം ഇന്നിങ്സ് 2 / 1 ലീഡ് 30 റൺസ്
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിർണായക സെഞ്ചുറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു.ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്സ് സ്കോറായ 335 റൺസ് പിന്തുടർന്ന ഇന്ത്യ 307 റൺസിന് പുറത്തായി.ക്യാപ്റ്റൻ കോഹ്ലിയുടെ ക്ലാസിക് ഇന്നിഗ്സാണ് വലിയ ലീഡ് നേടുന്നതിൽ നിന്നും ദക്ഷിണാഫ്രിക്കയെ തടഞ്ഞു നിർത്തിയത്.
ഇന്ത്യയുടെ മുൻനിര ബാറ്റസ്മാൻമാർ വലിയ സ്കോറുകൾ നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ ഒരറ്റത്തു നങ്കൂരവേഷമണിഞ്ഞ കോഹ്ലി ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.മൂന്നാം ദിനം 5 നു 183 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യയ്ക്ക് ഹർദിക് പാണ്ട്യയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.അനാവശ്യമായി വഴങ്ങിയ റൺ ഔട്ടിലൂടെയാണ് പാണ്ട്യ പുറത്തായത്.പിന്നീട് ക്രീസിലെത്തിയ അശ്വിനുമൊത്ത് 71 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയാണ് കോഹ്ലി ഇന്ത്യയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്..38 റൺസെടുത്ത അശ്വിൻ ഫിലാണ്ടറുടെ പന്തിൽ ടു പ്ലെസിക്ക് ക്യാച്ച് നൽകി മടങ്ങി. അശ്വിന് ശേഷം ക്രീസിലെത്തിയ വാലറ്റക്കാരിൽ നിന്നും കാര്യമായ പിന്തുണ ലഭിക്കാതിരുന്ന കോഹ്ലി ഒടുവിൽ 153 റൺസെടുത്ത് പുറത്തായി.മോർക്കലിനാണ് വിക്കറ്റ്.രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ സൗത്ത് ആഫ്രിക്കയുടെ ഓപ്പണർ മർക്കറാമിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.നിലവിൽ അംലയും എൽഗറുമാണ് ക്രീസിൽ.