ഐപിൽ താര ലേലം ജനുവരി 27 ന്; വമ്പൻ താരങ്ങൾക്കായി പണമൊഴുക്കാൻ ഫ്രാഞ്ചൈസികൾ
ഐപിൽ ആദ്യ സീസണിനു വേണ്ടിയൊരുക്കിയ ലേലം ഒരു കളിപ്രേമികളും മറന്നു കാണാനിടയില്ല..ലോകത്തെ മികച്ച താരങ്ങളെല്ലാം ഒരുമിച്ച, അവരെ സ്വന്തമാക്കാൻ വേണ്ടി ടീമുടമകൾ അരയും തലയും മുറുക്കി മത്സരിച്ച ലേലം അത്യധികം ആവേശത്തോടെയാണ് കാണികൾ വരവേറ്റത്.അന്നത്തെ ലേലത്തിലൂടെ സ്വന്തമാക്കിയ മികച്ച താരങ്ങളെ ഒരു വിധം ടീമുകളെല്ലാം നിലനിർത്തിയതിനാൽ പിന്നീടുണ്ടായ ലേലങ്ങളിലൊന്നും ആദ്യത്തേതിന്റെ അത്ര താരപ്പൊലിമയുണ്ടായിരുന്നില്ല.
എന്നാൽ ഐപിൽ ടീമുകളിൽ വൻ അഴിച്ചു പണി നടത്തിയ ശേഷം ഉണരാൻ പോകുന്ന 11ാം സീസണിനുള്ള ലേലത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് ഫ്രാൻഞ്ചൈസികളുടെ വിളി കാത്തുനിൽക്കുന്നത്.വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലും, മൈതാനത്തെ തളരാത്ത പോരാളി യുവരാജ് സിങ്ങും,കരുത്തനായ കളിക്കാരനും തന്ത്രശാലിയായ ക്യാപ്റ്റനുമായ ഗൗതം ഗംഭീറും ഓസ്ട്രേലിയൻ ബാറ്റിംഗ് സെൻസേഷൻ ഗ്ലെൻ മാക്സ്വെല്ലും ഇംഗ്ലണ്ടിന്റെ എല്ലാം തികഞ്ഞ ആൾറൗണ്ടർ ബെൻ സ്റ്റോക്സുമെല്ലാം ഇത്തവണ ലേലപ്പട്ടികയിലുണ്ട്.
സമീപ കാലങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു വി സാംസണ് ഒരു കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിക്ക് 30 ലക്ഷവും സച്ചിൻ ബേബി,സന്ദീപ് വാരിയർ എന്നിവർക്ക് 20 ലക്ഷം രൂപവീതവുമാണ് അടിസ്ഥാന വില.
ബാംഗ്ലൂരിൽ നടക്കുന്ന ലേലത്തിൽ 360 ഇന്ത്യൻ താരങ്ങളടക്കം 578 താരങ്ങൾ പങ്കെടുക്കുന്നുണ്ട്..ലേലത്തിനു മുന്നോടിയായി കളിക്കാരുടെ അടിസ്ഥാന വില പുറത്തുവന്നിരുന്നു.മാർക്വീ താരങ്ങൾക്ക് 2 കോടിയാണ് അടിസ്ഥാന വില.ഗംഭീർ,യുവരാജ്,അശ്വിൻ ,അജിൻക്യ രഹാനെ യുസ്വേന്ദ്ര ചഹൽ എന്നീ ഇന്ത്യൻ താരങ്ങളടക്കം 16 മാർക്വീ താരങ്ങളാണ് ലിസ്റ്റിലുള്ളത്.
താരലേലത്തിനു മുന്നോടിയായി 5 താരങ്ങളെ നിലനിർത്താനുള്ള അവസരം ടീമുകൾക്ക് നൽകിയിരുന്നു.അതിൽ 3 താരങ്ങളെ ലേലത്തിൽ വെയ്ക്കാതെ തന്നെ സ്വന്തമാക്കാനുള്ള അവസരം ടീമുകൾക്കുണ്ടെങ്കിലും ശേഷിക്കുന്ന രണ്ടു പേരെ റൈറ്റ് ടു മാച്ച് സങ്കേതത്തിലൂടെ മാത്രമേ സ്വന്തമാക്കാനാകു. ലേലത്തിനൊടുവിൽ ലഭിക്കുന്ന പരമാവധി തുക മുടക്കികൊണ്ട് ഫ്രാൻഞ്ചൈസികൾക്ക് റൈറ്റ് ടു മാച്ച് കാർഡ് ഉപയോഗിച്ച് അവരുടെ ശേഷിക്കുന്ന രണ്ടു താരങ്ങളെ നിലനിർത്താനുള്ള അവകാശം നൽകുന്നതാണ് ആർ ടി എം സങ്കേതം.
മാർക്വീ താരങ്ങൾ
ആർ. അശ്വിൻ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, ഗൗതം ഗംഭീർ, യുവ്രാജ് സിങ്, ഹർഭജൻ സിങ്, ക്രിസ് ഗെയ്ൽ, മിച്ചൽ സ്റ്റാർക്, ബെൻ സ്റ്റോക്സ്, കീറൻ പൊള്ളാർഡ്, ഫാഫ് ഡുപ്ലെസി, ജോ റൂട്ട്, കെയ്ൻ വില്യംസൺ, ഡ്വെയ്ൻ ബ്രാവോ, ഹർഭജൻ സിങ്, ഷക്കീബ് അൽഹസൻ, ഗ്ലെൻ മാക്സ്വെൽ