മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച ആരാധകർക്ക് നന്ദി; മാർക്ക് സിഫിനിയോസ്

January 24, 2018

പരിധിയില്ലാത്ത സ്നേഹവും പ്രോത്സാഹനവും നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ട് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ഡച്ച് മുന്നേറ്റ നിര താരം മാർക്ക് സിഫിനിയോസ് ടീം വിട്ടു.ഇന്നലെയാണ് മാർക്ക് സിഫിനിയോസുമായുള്ള കരാർ അവസാനിപ്പിച്ചതായി ടീം മാനേജ്‌മന്റ് വെളിപ്പെടുത്തിയത്. തികച്ചും അപ്രതീക്ഷിതമായി ടീം വിടാൻ തീരുമാനിച്ച സിഫിനിയോസ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആരാധകരോട് നന്ദി പറഞ്ഞത്.

‘മറക്കാനാകാത്ത ആനുഭവങ്ങൾ സമ്മാനിച്ചതിന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നന്ദി.നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും എന്നും ഓർമയിൽ തന്നെയുണ്ടാവും.ആരാധകർക്കും ടീമിനും എന്റെ സഹകളിക്കാർക്കും എല്ലാവിധ ഭാവുകങ്ങളും’- സിഫിനിയോസ് ട്വിറ്ററിൽ കുറിച്ചു.

സീസണിൽ ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകൾ നേടിയ താരമാണ് സിഫിനിയോസ്..മുംബൈ,പുണെ,ഗോവ,ജംഷഡ്‌പൂർ എന്നീ ടീമുകൾക്കെതിരെയാണ് 21 കാരനായ   സിഫിനിയോസ്  വലകുലുക്കിയത്.ഗോവക്കെതിരെ സിഫിനിയോസ് നേടിയ ഹെഡർ ഗോൾ ഫാൻ ഗോൾ ഓഫ് ദി വീക്ക് അവാർഡ് നേടിയിരുന്നു.

മോശം ഫോമും പരിക്കും കാരണം കളത്തിലിറങ്ങാൻ കഴിയാത്ത ബെർബെറ്റോവിനെ റിലീസ് ചെയ്യുമെന്ന് കരുതിയിരിക്കെയാണ് അപ്രതീക്ഷിതമായി സിഫിനിയോസിന്റെ പടിയിറക്കം..തോളിനു പരിക്കേറ്റ ഉഗാണ്ടൻ മിഡ്‌ഫീൽഡർ കിസീറ്റൊയെയും ബെർബയെയും ഒഴിവാക്കി പുതിയ താരങ്ങളെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.