ചിരിയുത്സവത്തിന്റെ കളത്തിനു പിന്നിലെ കളിയാശാൻ
മലയാളക്കരയ്ക്ക് ചിരിയുടെ പുത്തൻ വസന്തം സമ്മാനിച്ച കോമഡി ഉത്സവമെന്ന ജനപ്രിയ പരിപാടിയെക്കുറിച്ച് കൂടുതൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. ആരാരുമറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്ക് കലയുടെ പുതിയ ആകാശങ്ങൾ സ്വപ്നം കാണാൻ പ്രചോദനമായ കോമഡി ഉത്സവം .കണ്ടു മടുത്ത, കൃതിമത്വം നിറഞ്ഞ റിയാലിറ്റി ഷോകളും, കേട്ടുമടുത്ത, പഴകി ദ്രവിച്ച ദ്വയാർത്ഥ ഹാസ്യ പരിപാടികളും മലയാളികളെ ടെലിവിഷനിൽ നിന്നും അകറ്റികൊണ്ടിരുന്ന കാലത്താണ് കോമഡി ഉത്സവം ഒരു പുത്തൻ പരീക്ഷണവുമായി മലയാളികളുടെ സ്വീകരണ മുറിയിലെത്തുന്നത്. കഴിവുറ്റ, സാധാരണ ജനങ്ങളെ താരങ്ങളാക്കി കലയെ ജനകീയമാക്കിയ കോമഡി ഉത്സവം പിന്നീട് മിനി സ്ക്രീൻ രംഗത്തെ സകല റെക്കോർഡുകളും പൊളിച്ചെഴുതുന്ന കാഴ്ചയ്ക്കാണ് മലയാളക്കര സാക്ഷ്യം വഹിച്ചത്.
എന്നാൽ ഇത്രമേൽ ജനപ്രിയമായ കോമഡി ഉത്സവത്തിന് ഊടും പാവും നൽകിയ അതിന്റെ സംവിധായകൻ മിഥിലാജ് അബ്ദുൽ എന്ന വ്യക്തിയെ കോമഡി ഉത്സവത്തിന്റെ സ്ഥിരം പ്രേക്ഷകർക്ക് പോലും അറിയുകയുണ്ടാവില്ല എന്നതാണ് സത്യം.. എന്തുകൊണ്ടെന്നാൽ , അറിയപ്പെടാതെ പോകുമായിരുന്ന നിരവധി കലാകാരന്മാരെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്തിയപ്പോഴും അദ്ദേഹം ക്യാമറക്കു പിന്നിൽ, അണിയറയിൽ അജ്ഞാതനായി തുടരുകയായിരുന്നു . മലയാളത്തിലെ ഇതര ഹാസ്യ പരിപാടികളിൽ നിന്നും കോമഡി ഉത്സവം എങ്ങനെ ഇത്രമേൽ വേറിട്ട് നിൽക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരവും ചെന്നെത്തുന്നത് മിഥിലാജ് എന്ന ഈ സംവിധായകനിലായിരിക്കും.
സാധാരണക്കാരിലേക്കിറങ്ങിച്ചെന്ന് അവരുടെ കഴിവുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യവുമായി മിഥിലാജും കൂട്ടരും ഇറങ്ങിത്തിരിക്കുമ്പോൾ മുന്നിൽ പ്രതിബന്ധങ്ങളൊരുപാടുണ്ടായിരുന്നു.എന്നാൽ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ചിരിയുത്സവത്തിനു തിരികൊളുത്തിയ മിഥിലാജും കൂട്ടരും ഇന്നെത്തിനിൽക്കുന്നത് ഐതിഹാസികമായ 100ാം അധ്യായത്തിന്റെ ആഘോഷരാവുകളിലാണ്. കോമഡി ഉത്സവം ഇതുവരെ പരിചയപ്പെടുത്തിയിട്ടുള്ള മികച്ച താരങ്ങളെയെല്ലാം അണിനിരത്തികൊണ്ട് ചിരിയുടെ മഹോത്സവം കൊണ്ടാടുന്ന വേളയിലാണ് മിഥിലാജ് എന്ന കളത്തിനു പിന്നിലെ കളിയാശാൻ ആദ്യമായി ക്യാമറയ്ക്കു മുൻപിലെത്തിയത്. വിജയകരമായ 100 അധ്യായങ്ങൾ പിന്നിട്ട് ജൈത്രയാത്ര തുടരുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ കാര്യക്കാരൻ മിഥിലാജ് എന്ന കലാകാരനെക്കുറിച്ച് കൂടുതലറിയാം.
രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്ന രാജ രാവിർമ്മയുടെ ജന്മസ്ഥലമായ കിളിമാനൂരിൽ അബ്ദുൽ ഗഫൂറിന്റെയും ഹലീമത്തിന്റെയും മകനായാണ് മിഥിലാജിന്റെ ജനനം . ഭാര്യ നാദിയ, മക്കൾ അഹമ്മദ് ഫർഹാൻ, അഹമ്മദ് ഹാമി. മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ സിദ്ദിഖിനൊപ്പം സഹ സംവിധായകനായി പ്രവർത്തിക്കുന്ന ഹിലാലാണ് സഹോദരൻ . രാജാ രവിവർമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഹൈ സ്കൂൾ വിദ്യാഭ്യാസവും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനവും പൂർത്തിയാക്കിയ മിഥിലാജ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അനിമേഷൻ ഡൈമെൻഷൻസിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. മഴവിൽ മനോരമ ചാനലിലൂടെ ശ്രീകണ്ഠൻ നായർക്കൊപ്പം ഒരുമിച്ച മിഥിലാജ് പിന്നീട് ശ്രീകണ്ഠൻ നായർക്കൊപ്പം തന്നെ ഫ്ളവേഴ്സ് ചാനലിന്റെ ഭാഗമാകുകയായിരുന്നു. ഫ്ളവേഴ്സ് ചാനലിലെ സീനിയർ പ്രോഗ്രാം പ്രൊഡ്യൂസറായ മിഥിലാജ് കോമഡി ഉൽസവത്തെ കൂടാതെ കോമഡി സൂപ്പർ നൈറ്റ് 2 വിൻറെയും സംവിധായകനായിരുന്നു . ഫ്ള വേഴ്സ് ചാനലിൽ മുൻപ് സംപ്രേക്ഷണം ചെയ്തിരുന്ന ആക്ഷേപഹാസ്യ പരിപാടിയായ ‘നാടോടിക്കാറ്റിന്’ പിന്നിലെ ബുദ്ധികേന്ദ്രവും ഇദ്ദേഹമായിരുന്നു.
മലയാളത്തിലെ പരമ്പരാഗത ഹാസ്യ പരിപാടികളുടെ ചട്ടക്കൂടുകൾ പൊളിച്ചെഴുതികൊണ്ട് ചിരിയുടെ, ചിന്തയുടെ നവോത്ഥാനത്തിന് നാന്ദി കുറിച്ച സംവിധായകൻ എന്ന പേരിലാകും മിഥിലാജ് എന്ന കലാകാരനെ മലയാളികൾ അടയാളപ്പെടുത്തുക . അനുകരണകലയുടെ ആത്മാവ് തൊട്ടറിഞ്ഞ മിഥിലാജ് ഇന്നും യാത്ര തുടരുകയാണ്. പ്രേക്ഷകർക്കു നൽകാനായി പുത്തൻ വസന്തങ്ങൾ തേടിയുള്ള യാത്ര.