ഐപിഎൽ താരലേലം; എന്താണ് റൈറ്റ് ടു മാച്ച് കാർഡ്??
ജനുവരി 27,28 തിയ്യതികളിലായി ബാംഗ്ലൂരിൽ നടക്കുന്ന ഐപിൽ താര ലേലത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ക്രിക്കറ്റ് ലോകം. 11ാം സീസണിനുള്ള ലേലത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് ഫ്രാൻഞ്ചൈസികളുടെ വിളി കാത്തുനിൽക്കുന്നത്.വെടിക്കെട്ടുവീരൻ ക്രിസ് ഗെയ്ലും, മൈതാനത്തെ തളരാത്ത പോരാളി യുവരാജ് സിങ്ങും,കരുത്തനായ കളിക്കാരനും തന്ത്രശാലിയായ ക്യാപ്റ്റനുമായ ഗൗതം ഗംഭീറും ഓസ്ട്രേലിയൻ ബാറ്റിംഗ് സെൻസേഷൻ ഗ്ലെൻ മാക്സ്വെല്ലും ഇംഗ്ലണ്ടിന്റെ എല്ലാം തികഞ്ഞ ആൾറൗണ്ടർ ബെൻ സ്റ്റോക്സുമെല്ലാം ഇത്തവണ ലേലപ്പട്ടികയിലുണ്ട്.
ലേലത്തിനു മുൻപായി അഞ്ചു താരങ്ങളെ വീതം നിലനിർത്താനുള്ള അവകാശം ഓരോ ടീമുകൾക്കും ഐപിൽ ഗവേർണിംഗ് കൌൺസിൽ അനുവാദം നൽകിയിരുന്നു.ഇവയിൽ മൂന്നു താരങ്ങളെ ലേലത്തിനു മുൻപും ശേഷിക്കുന്ന രണ്ടു താരങ്ങളെ താര ലേലത്തിൽ പുതുതായി അവതരിപ്പിച്ച റൈറ്റ് ടു മാച്ച് (ആർടി എം ) സങ്കേതത്തിലൂടെയും തിരഞ്ഞെടുക്കാം..
എന്താണ് റൈറ്റ് ടു മാച്ച് കാർഡ്
ഒരു ടീമിന് ലേലത്തിലൂടെ തന്നെ അവരുടെ പഴയ കളിക്കാരനെ സ്വന്തമാക്കാൻ അവസരം നാല്കുന്നതാണ് റൈറ്റ് ടു മാച്ച് കാർഡ്.ലേലത്തിനു ഒടുവിൽ ഒരു താരത്തിനു ലഭിക്കുന്ന പരമാവധി തുക നൽകികൊണ്ട് അവരെ സ്വന്തമാക്കാം. ഉദാഹരണത്തിന് കൊൽക്കത്തയുടെ ക്രിസ് ലിൻ അവരുടെ ആർ ടി എം പട്ടികയിലുണ്ട്.ക്രിസ് ലിന്നിനായി മുംബൈ ഇന്ത്യൻസ് 4 കോടി രൂപയുടെ ഏറ്റവും ഉയർന്ന ലേലത്തുക വിളിച്ചാൽ, അത്രയും തുക നൽകിക്കൊണ്ട് കൊൽക്കത്തയ്ക്ക് തന്നെ ക്രിസ് ലിന്നിനെ സ്വന്തമാക്കാം. എതിരാളികളുടെ സാമ്പത്തിക നിലയുടെ താളം തെറ്റിക്കാൻ ആർ ടി എം പട്ടികയിലുള്ള താരങ്ങളെ ഉയർന്ന വിലയ്ക്ക് ലേലം വിളിക്കുന്ന കാഴ്ച്ച ഇതവണയുണ്ടായാൽ അതിൽ അത്ഭുതപ്പെടാനില്ല.