ഉപ്പും മുളകും സീരിയൽ കാണാൻ വാശി പിടിക്കുന്ന കുഞ്ഞ്; വൈറലായി വീഡിയോ

January 28, 2018

കുട്ടികൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട സീരിയലാണ്  ഫ്ലവേഴ്സ്  ചാനലിലെ ഉപ്പും മുളകും. ഒരു ശരാശരി മലയാളിയുടെ നിത്യ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ  നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്ന ഉപ്പും മുളകിന്റെയും  ഏറ്റവും വലിയ കാഴ്ചക്കാർ കൊച്ചു കുട്ടികളാണ്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയ്ക്ക്  കൊച്ചു കുട്ടികൾക്കിടയിലുള്ള സ്വീകാര്യത വെളിപ്പെടുത്തുന്ന ഒരു വീഡിയോ ഈയിടെയായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാത്രിയിൽ ഉപ്പും മുളകും കാണണമെന്ന് പറഞ്ഞ് മാതാപിതാക്കളോട്  വാശി പിടിക്കുന്ന  കുട്ടിയാണ് വീഡിയോയിലുള്ളത്.  അച്ഛന്റെയും അമ്മയുടെയും വാക്കുകൾ ഗൗനിക്കാതെ, ഉപ്പും മുളകും സീരിയലിനായി കരഞ്ഞ്  ബഹളമുണ്ടാക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ചിരി പടർത്തുകയാണ്.

ആർ ഉണ്ണികൃഷ്ണൻ  സംവിധാനം ചെയ്യുന്ന പരമ്പരയിൽ ബിജു സോപാനം, നിഷാ സാരംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മെക്കാനിക്കായ ബാലചന്ദ്രന്റെ (ബാലു ) വേഷമാണ്  ബിജു സോപാനം അവതരിപ്പിക്കുന്നത്.  ബാലുവിന്റെ ഭാര്യയായ നീലിമയായി നിഷാ സാരംഗും സ്‌ക്രീനിലെത്തുന്നു. ഇവരുടെ മക്കളായി അഭിനയിക്കുന്ന മുടിയൻ ,ലെച്ചു, കേശു, ശിവ  തുടങ്ങിയ എല്ലാ കഥാപാത്രങ്ങൾക്കും  കുട്ടികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരന്റെ ഭാഷയിൽ അവരുടെ തന്നെ കഥപറയുന്നുവെന്നതാണ്  ഉപ്പും മുളകുമെന്ന സീരിയലിനെ ഇത്രമേൽ ജനപ്രിയമാക്കിയത്.