വധുവിനെ തേടി റിയാലിറ്റി ഷോയുമായി സൂപ്പർ താരം ആര്യയെത്തുന്നു…..

February 22, 2018

പൂച്ചക്കണ്ണുകളും കുസൃതി ചിരിയുമായി തെന്നിന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച സൂപ്പർ താരമാണ്  ആര്യ…തന്റെ അഭിനയമികവുകൊണ്ടും സരസമായ നർമ്മ ബോധം കൊണ്ടും  മലയാളി പ്രേക്ഷകരുടെയും ഇഷ്ട താരമായി മാറിയ ആര്യ ഇപ്പോൾ  തന്റെ ജീവിത പങ്കാളിയെ ഒരു റിയാലിറ്റി ഷോയിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ്..തനിക്ക് വിവാഹ പ്രായമായെന്നും വധുവിനെ അന്വേഷിക്കുകയാണെന്നും വെളിപ്പെടുത്തുകൊണ്ട് കുറച്ചു നാളുകൾക്ക് മുൻപ് ആര്യ തന്നെ രംഗത്തെത്തിയിരുന്നു.
ഭാവി വധു സിനിമാ മേഖലയിൽ നിന്നു തന്നെ വേണമെന്ന നിര്ബന്ധമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ ആയാൽ മതിയെന്നും   പറഞ്ഞ ആര്യ താല്പര്യമുള്ള യുവതികൾക്ക് കോൺടാക്ട് ചെയ്യാനുള്ള ഫോൺ നമ്പറും നൽകിയിരുന്നു. ഇതിനു  ശേഷമാണ് ആരാധകരെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു പുത്തൻ സ്വയംവര റിയാലിറ്റി ഷോയുമായി തന്റെ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള തീരുമാനവുമായി ആര്യയെത്തിയത്.
ആര്യയെ വിവാഹം കഴിക്കാനുള്ള താത്പര്യമറിയിച്ച അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 16 പേരുമായി ഒരു റിയാലിറ്റി ഷോയാണ് ഇപ്പോൾ  അണിയറയിൽ ഒരുങ്ങുന്നത്. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തിലധികം യുവതികളിൽ നിന്നുമാണ് റിയാലിറ്റി ഷോയിലേക്കുള്ള അവസാന 16 പേരെ തിരഞ്ഞെടുത്തത്.  ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരിൽ മൂന്നു മലയാളികളും ഇടം പിടിച്ചിട്ടുണ്ട്.സീതാ ലക്ഷ്മി, ദേവ സൂര്യ, ആയിഷ ലാൽ എന്നിവരാണ്തിരഞ്ഞെടുക്കപ്പെട്ട മലയാളീ യുവതികൾ. ഇതിൽ വിജയിക്കുന്ന മത്സരാർത്ഥിയെ ആര്യ വിവാഹം കഴിക്കും. ആര്യയ്ക്ക് പരിണയം എന്ന പേര് നൽകിയിരിക്കുന്ന റിയാലിറ്റി ഷോ ഫ്‌ളവേഴ്‌സ് ടിവിയിൽ തിങ്കളാഴ്ച്ച രാത്രി 9.30 മുതൽ സംപ്രേക്ഷണം ആരംഭിക്കും.

.