പ്രതിസന്ധിയൊഴിയാതെ ദക്ഷിണാഫ്രിക്ക; സൂപ്പർ താരം ടീമിൽ നിന്നും പുറത്ത്
ദക്ഷിണാഫ്രിക്കയ്ക്കിത് കഷ്ടകാലമാണ്..ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 2-1 നു വിജയിച്ചുവെങ്കിലും പിന്നീട് നടന്ന ഏകദിന പരമ്പരയിൽ അവിശ്വസനീയമാം വിധം തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഒരു ഭാഗത്ത് വിരാട് കോഹ്ലിയും ശിക്കർ ധവാനുമെല്ലാം റൺസ് അടിച്ചുകൂട്ടുമ്പോഴും ഇന്ത്യൻ സ്പിന്നർമാർക്ക് മുൻപിൽ മറുപടിയില്ലാതെ കീഴടങ്ങാനായിരുന്നു ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരുടെ വിധി. മഴയുടെ കളിയാട്ടം കണ്ട ജോഹന്നാസ്ബർഗ് ഏകദിനത്തിൽ മാത്രം വിജയം കണ്ട ദക്ഷിണാഫ്രിക്ക 5-1 നാണ് ഏകദിന പരമ്പര അടിയറവു പറഞ്ഞത്. ടി20യിലും പരാജയത്തോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സ്റ്റാർ ബാറ്റ്സ്മാൻ എബി ഡി വില്ലേഴ്സിന്റെ പരിക്ക്. കാൽക്കുഴക്കേറ്റ പരിക്ക് മൂലം ഇന്ത്യക്കെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ ഡി വില്ലേഴ്സ് കളിക്കില്ലെന്ന് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
വാണ്ടറേഴ്സിൽ നടന്ന നാലാം ടെസ്റ്റിനിടെ ചൂണ്ടു വിരലിന് പരിക്കേറ്റ ഡി വില്ലേഴ്സിന് ആദ്യ മൂന്ന് ഏകദിനങ്ങൾ നഷ്ടമായിരുന്നു. നാലാം ഏകദിനത്തിൽ തിരിച്ചെത്തിയ ഡി വില്ലേഴ്സിനിപ്പോൾ കാൽക്കുഴയ്ക്കേറ്റ പരിക്കാണ് വില്ലനായിരിക്കുന്നത്.. മാർച്ച് ആദ്യം ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പാരമ്പരക്കു മുന്നേ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനാകാൻ വേണ്ടിയാണ് താരത്തിന് ടീം മാനേജ്മെന്റ് വിശ്രമമനുവദിച്ചിരിക്കുന്നത്.