ആദ്യം കീവീസ് റൺമഴ ശേഷം ഓസീസ് പേമാരി..ഓക്ക്ലാൻണ്ടിൽ റെക്കോർഡ് മഴ പെയ്യിച്ച് ഓസീസ്-കീവീസ് പോരാട്ടം
ഓക്ക്ലാൻണ്ടിലെ ഈഡൻ പാർക്കിൽ നടന്ന അന്താരാഷ്ട്ര ട്വന്റി-ട്വന്റിയിൽ റൺ മഴ പെയ്യിച്ച് ഓസ്ട്രലിയയും കീവീസും. ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെട്ട ടാസ്മാൻ ത്രിരാഷ്ട പരമ്പരയിലെ അഞ്ചാം ടി20യിലാണ് റെക്കോർഡുകൾ വഴി മാറിയ റൺ മഴയുമായി ഓസീസും കീവിസും കാണികൾക്കായി ക്രിക്കറ്റ് വിരുന്നൊരുക്കിയത്. ടി20 യിലെ ഏറ്റവും ഉയർന്ന റൺ ചേസ് കണ്ട മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം എഴുപന്തുകൾ ബാക്കി നിൽക്കെ വെറും അഞ്ചു വിക്കെറ്റ് നഷ്ടത്തിൽ ഓസീസ് മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങിനറങ്ങിയ ന്യൂസിലാൻഡ്, ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലിന്റെ സെഞ്ചുറിയുടെയും കോളിൻ മൺറോയുടെ അർദ്ധ ശതകത്തിന്റയും കരുത്തിലാണ് കൂറ്റൻ സ്കോർ കുറിച്ചത്.
54 പന്തുകളിൽ നിന്നും ആറ് ഫോറിന്റെയും ഒന്‍പത് സിക്സുകളുടെയും അകമ്പടിയോടെയാണ് ഗുപ്റ്റില്‍ 104 റണ്‍സ് നേടിയത് . 33 പന്തില്‍ ആറു വീതം സിക്സുകളും ഫോറുകളും സഹിതം 76 റണ്‍സാണ് നേടിയ കോളിൻ മൺറോയുമൊത്ത് ആദ്യ വിക്കറ്റിൽ 132 റൺസാണ് കീവീസ് ഓപ്പണർമാർ അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെയാണ് കീവിസ് സ്കോർ 243 ൽ ഒതുങ്ങിയത്.
മറുപടി ബാറ്റിങ്ങിൽ ഓസീസ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാർണറാണ് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 24 പന്തിൽ നിന്നും 59 റൺസെടുത്ത വാർണറും 44 പന്തുകളിൽ നിന്നായി 79 റൺസോടെ പുറത്താകാതെ നിന്ന ഷോർട്ടും ചേർന്ന് സ്വപ്നസമാനമായ തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്.മാക്സ് വെൽ, ഫിഞ്ച് തുടങ്ങിയ വെടിക്കെട്ട് വീരന്മാരും തങ്ങളുടെ റോൾ ഭംഗിയായി നിറവേറ്റിയതോടെ ഒരു ഓവർ ബാക്കി നിൽക്കെ ഓസീസ് വിജയം നേടുകയായിരുന്നു.
ആകെ 38.5 ഓവറുകൾ എറിഞ്ഞ മത്സരത്തിൽ 32 സിക്സറുകളാണ് മൊത്തം പിറന്നത്.ഏറ്റവും കൂടുതൽ സികസറുകൾ പിറന്ന മത്സരമെന്ന ഖ്യാതിയും ഇതോടെ ഓക്ക്ലാൻണ്ട് മത്സരത്തിന് സ്വന്തമായി. വെസ്റ്റ് ഇന്‍ഡീസിലെ ലൗഡർഹില്ലിൽ നടന്ന ഇന്ത്യ വിൻഡീസ് ടി20 യിലെ 32 സിക്സറുകൾ എന്ന റെക്കോർഡിനൊപ്പമാണ് ഓക്ലൻഡ് ടി20 യും എത്തിയിരിക്കുന്നത്.