കൗമാര കിരീടം നേടിയ ഇന്ത്യയെ കാത്ത് വമ്പൻ സമ്മാനങ്ങൾ

February 3, 2018

ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ലോകകപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യൻ ടീമംഗങ്ങൾക്കും കോച്ച് രാഹുൽ ദ്രാവിഡിനും 50 ലക്ഷം രൂപവീതം പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഫൈനൽ മത്സരത്തിൽ  എതിരാളികളായ ഓസ്‌ട്രേലിയയെ 8 വിക്കറ്റിനു തകർത്താണ് ഇന്ത്യയുടെ യുവ രക്തങ്ങൾ ലോകകപ്പിൽ മുത്തമിട്ടത്.  പൃഥ്വി ഷായുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ പരാജയമറിയാതെയാണ് ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കിയതെന്ന വസ്തുത, ഇന്ത്യൻ യുവതാരങ്ങളുടെ പ്രകടനമികവിന് അടിവരയിടുന്നു.

ഫൈനലിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തകർച്ചയോടെയാണ് തുടങ്ങിയത്. തുടക്കത്തിലേ വിലപ്പെട്ട മൂന്നു വിക്കെട്ടുകൾ നഷ്ടപെട്ട അവർ ജോനാഥൻ മെർലോയുടെ അർദ്ധ സെഞ്ചുറിയുടെ കരുത്തിലാണ് 216 റൺസ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ ഓപ്പണർ മൻജോത്  കർല നേടിയ ഉഗ്രൻ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ വിജയതീരത്തെത്തിയത്.ക്യാപ്റ്റൻ പൃഥ്വി ഷാ 29 റൺസും സെമിഫൈനലിൽ ഹീറോ ഷുബ്മാൻ ഗിൽ 31 റൺസുമെടുത്ത് പുറത്തായി. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഹാർവിക് ദേശായ്‌ക്കൊപ്പം 89 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ  മൻജോത്  കർല ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. 102 പന്തിൽ 8 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ്  മൻജോത്  കർല 101 റണ്സെടുത്ത് ഫൈനലിലെ താരമായി മാറിയത്.