എന്തു കൊണ്ട് പെക്കൂസൺ കിക്കെടുത്തു….വിശദീകരണവുമായി ഡേവിഡ് ജെയിംസ്

February 24, 2018

ബ്ലാസ്റ്റേഴ്‌സ് മധ്യനിരതാരം പെക്കൂസന്റെ ദുർബലമായ ആ പെനാൽറ്റി കിക്കിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിധി കുറിച്ചിട്ടിരുന്നു.. നിർണായക മത്സരത്തിൽ ഗോളിനായി ചെന്നൈ ഗോൾമുഖത്തേക്ക് ആർത്തിരമ്പിയെത്തിയ ബാൾഡ്വിൻസനെ ചെന്നൈയുടെ ജെറി പെനാൽറ്റി ബോക്സിൽ വീഴ്ത്തിയപ്പോൾ  റഫറിയുടെ വിസിൽ മുഴങ്ങി… രണ്ടാം പകുതിയിൽ ലഭിച്ച അർഹിച്ച പെനാൽറ്റിയിലൂടെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വിജയം കാത്തിരിക്കുന്ന ആരാധകരുടെ സ്വപ്നങ്ങളുടെ ഭാരവുമായെത്തിയ പെക്കൂസണ്  പക്ഷെ പിഴച്ചു. പോസ്റ്റിന്റെ ഇടത്തെ മൂലയിലേക്ക് തൊടുത്ത  ദുർബലമായ ഷോട്ട് ചെന്നൈയിൻ ഗോൾ കീപ്പർ കരൺജിത്ത് അനായാസമായി തട്ടിയകറ്റി.ഗോൾ ആരവങ്ങളുമായി പൊട്ടിത്തെറിക്കാൻ കാത്തിരുന്ന കലൂർ സ്റ്റേഡിയത്തിലെ മഞ്ഞപ്പട ഒന്നടങ്കം നിശബ്ദമായ നിമിഷം.കളിയിലെ പിന്നീടുള്ള ഓരോ നിമിഷങ്ങളിലും പാഴായിപ്പോയ ആ പെനാൽറ്റിയെക്കുറിച്ചോർത്ത് നെടുവീർപ്പിടുകയായിരുന്നു കോടിക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ..

ഒരൊറ്റ പെനാൽട്ടി നഷ്ടത്തിലൂടെ ആരാധക മനസ്സിൽ വില്ലന്റെ പരിവേഷം ചാർത്തിക്കിട്ടിയ പെക്കൂസണെ  പക്ഷെ തള്ളിപ്പറയാൻ ഡേവിഡ് ജെയിംസ് തയ്യാറല്ല..’അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്. ഹ്യൂം പരിക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തില്‍ മറ്റാരും പെനാല്‍റ്റി എടുക്കാന്‍ തയ്യാറായില്ല, പെക്കൂസണ്‍ മാത്രമാണ് അതിന് മുന്നോട്ട് വന്നത്. അതിനാല്‍ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല. ചില ദിവസങ്ങള്‍ അങ്ങനെയാണ് എനിക്ക് പരാതിയില്ല’ ഡേവിഡ് ജയിംസ് പറഞ്ഞു.

മത്സരത്തിലുടനീളം കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി ആവസരങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും മിന്നുന്ന ഫോമിലായിരുന്നു ചെന്നൈ ഗോൾകീപ്പർ കരഞ്ജിത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു..