മലയാളി മനസ്സുകളിൽ ഒപ്പനയുടെ വസന്തം തീർക്കാൻ മൈലാഞ്ചി മൊഞ്ച് റിയാലിറ്റി ഷോയുമായി ഫ്ളവേഴ്സ്

February 28, 2018

മലബാറിന്റെ സിരകളിൽ അലിഞ്ഞ ഒപ്പന നൃത്തത്തിന്റെ കൈവളകിലുക്കങ്ങളുമായി ‘മൈലാഞ്ചി മൊഞ്ച്’ റിയാലിറ്റി ഷോ ഫ്ളവേഴ്സ് ചാനലിൽ ആരംഭിക്കുന്നു.കൃത്രിമത്ത്വം നിറഞ്ഞ റിയാലിറ്റി ഷോകൾ കണ്ടു മടുത്ത മലയാള പ്രേക്ഷകർക്ക് ഇശൽ നിലാവിന്റെ ‘മൈലാഞ്ചി മൊഞ്ചു ‘മായി ഫ്ളവേഴ്സ് ചാനൽ എത്തുകയാണ്.
മലയാളികളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒപ്പനയെന്ന ജനപ്രിയ കലാരൂപത്തിന്റെ വശ്യ മനോഹര സൗന്ദര്യം പൂർണമായും പ്രേക്ഷകരിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫ്ളവേഴ്സ് ചാനൽ കേരളത്തിലങ്ങോളമിങ്ങോളമായി നടത്തിയ ഓഡിഷനിൽ 100ലധികം ഒപ്പന ടീമുകളാണ് മാറ്റുരച്ചത്.ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 ടീമുകളാണ് ഒപ്പന വിസ്മയം തീർക്കാനായി ‘മൈലാഞ്ചി മൊഞ്ചിലൂടെ പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട 12 ടീമുകളിൽ 8 ടീമുകളിൽ ഒപ്പന കലാകാരികൾ അണിനിരക്കുമ്പോൾ ശേഷിക്കുന്ന നാലു ടീമുകളുമായി പുരുഷന്മാരും ഒപ്പന വസന്തവുമായെത്തുന്നു..
മൈലാഞ്ചി മൊഞ്ചിന്റെ ആദ്യ റൗണ്ടിൽ ട്രഡീഷണൽ ഒപ്പന, സിനിമാറ്റിക്ക് ഒപ്പന, അറബിക്ക് ഒപ്പന എന്നീ മൂന്നുതരം വൈവിധ്യമാർന്ന ഒപ്പനകളുമായി ഓരോ ടീമും മാറ്റുരയ്ക്കും.മാർച്ച് 4 ഞായറാഴ്ച്ച മുതൽ ആരംഭിക്കുന്ന ‘മൈലാഞ്ചി മൊഞ്ച്’ റിയാലിറ്റി ഷോ സംവിധാനം ചെയ്യുന്നത് പോൾ മൈക്കാവാണ്..അൻസിബയാണ് പരിപാടിയുടെ അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്.ഏല്ലാ ഞായറാഴ്ച്ചയും വൈകീട്ട് നാലു മണിക്ക് ഫ്ളവേഴ്സിൽ  മൈലാഞ്ചി മൊഞ്ച് സംപ്രേക്ഷണം ചെയ്യപ്പെടും.