അതിർത്തി കടക്കുന്ന സൗഹൃദം; അലിം ദാറിന് പിന്തുണയുമായി വിരാട് കോഹ്ലി
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. അതിർത്തി തർക്കങ്ങളും പ്രധിരോധ പ്രശ്നങ്ങളുമെല്ലാം ഇരു രാജ്യങ്ങളെയും ശത്രുക്കളാക്കി മാറ്റിയപ്പോൾ ക്രിക്കറ്റ് മൈതാനത്തും അതിന്റെ മാറ്റൊലികൾ അലയടിച്ചു. പതിന്മടങ്ങ് വാശിയോടെയും വർധിത വീര്യത്തോടെയുമാണ് ഇന്ത്യ-പാക് മത്സരങ്ങൾക്കായി ഇരു ടീമുകളിലെയും താരങ്ങൾ ഗ്രൗണ്ടിലിറങ്ങുന്നത്.എന്നാൽ കളിക്കളത്തിലെ ശത്രുത മൈതാനത്തിനു പുറത്തില്ലെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെയും പാകിസ്താനിലെയും പല താരങ്ങളും തമ്മിലുള്ള അഗാധമായ സൗഹൃദം ഇതിന് തെളിവാണ്.
ഇപ്പോഴിതാ ഇന്ത്യ-പാക് സൗഹൃദത്തിന്റെ മറ്റൊരു മികച്ച ഉദാഹരണവുമായാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി എത്തിയിരിക്കുന്നത്. ഐസിസിയുടെ പാകിസ്ഥാനിൽ നിന്നുള്ള അമ്പയർ അലിം ദാർ പുതിയതായി ആരംഭിക്കുന്ന ഹോട്ടലിന് ആശംസകളർപ്പിച്ചാണ് കോഹ്ലി തന്റെ സ്നേഹം പ്രകടിപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ വിഡിയോയിലൂടെയാണ് കോഹ്ലി പുതിയ സംരംഭത്തിന് പിന്തുണ അറിയിച്ചത്.
പാകിസ്താനിലെ ലാഹോറിലാണ് ഐസിസി എലൈറ്റ് അമ്പയറിങ് പാനലിലെ അംഗമായ അലിം ദാർ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ‘ദാർസ് ഡിലൈറ്റോ’ എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് കേൾവി ശക്തിയില്ലാത്തവർക്ക് പുതിയൊരു സ്പെഷ്യൽ സ്കൂൾ പണിയുമെന്ന് അലിം ദാർ വ്യക്തമാക്കി. സമൂഹ നന്മ ലക്ഷ്യമാക്കിയുള്ള അലിം ദാറിന്റെ സംരംഭത്തിന് മികച്ച ജന പിന്തുണയാണ് പാകിസ്ഥാനിൽ നിന്നും ലഭിക്കുന്നത്.