ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെ വരാൻ അപേക്ഷയുമായി ജർമൻ

February 22, 2018

കളി വിജയിച്ചാലും ഇല്ലെങ്കിലും ടീമിനെയും താരങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. ഇയാൻ എഡ്വേർഡ് ഹ്യൂ൦ എന്ന കാനേഡിയൻ സ്‌ട്രൈക്കർ ഹ്യുമേട്ടനായതും ജോസു കുരിയസ് പ്രീറ്റോ എന്ന സ്പാനിഷ് മധ്യനിര താരം  ഹോസുട്ടനായതും സ്റ്റീവ് കോപ്പൽ എന്ന ഇംഗ്ലീഷ് പരിശീലകൻ പ്രിയപ്പെട്ട കോപ്പലാശനായതും ഈ അനുപമമായ ആരാധക സ്നേഹം കൊണ്ടുതന്നെയാണ്.. ഈ പേരുകൾക്കൊപ്പം തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പട  നെഞ്ചോടു ചേർത്തുവെച്ച മറ്റൊരു താരമായിരുന്നു ഇംഗ്ലണ്ടിൽ നിന്നുള്ള  അന്റോണിയോ ജർമനും. കഴിഞ്ഞ രണ്ടു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ടുകെട്ടിയ ജർമൻ വേഗമേറിയ ഡ്രിബ്ലിങ് പാടവത്താൽ  ആരാധക ഹൃദയം കീഴടക്കിയിരുന്നു.

എന്നാൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകനായിരുന്ന റെനേ മുലന്സ്റ്റീൻ വാർത്തെടുത്ത പുതിയ സീസണിലേക്കുള്ള ടീമിൽ ജർമനു  സ്ഥാനം കിട്ടിയിരുന്നില്ല. ഓരോ ട്രാൻസ്ഫർ അവസരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നതായി ജർമൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ എങ്ങനെയെങ്കിലും   തന്നെ  ബ്ലാസ്റ്റേഴ്‌സിലേക്ക് തിരികെ എത്തിക്കുവെന്ന്   ആരാധകരുടെ പ്രിയ താരം സമൂഹ മാധ്യമങ്ങളിലൂടെ അപേക്ഷിച്ചിരിക്കുയാണ്. നിലവില്‍ ജര്‍മന്‍ ഇംഗ്ലണ്ടിലെ നാഷണല്‍ സൗത്ത് ലീഗ് രണ്ടാം ഡിവിഷനിലെ ഹെമല്‍ ഹെംസ്റ്റഡിലാണ് കളിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിലെ തന്റെ സഹതാരമായിരുന്ന വിക്ടർ പുൾഗ ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തിയപ്പോൾ ആശംസകൾ അർപ്പിച്ച ജർമൻ പുൾഗയ്‌ക്കൊപ്പം ബ്ലാസ്റ്റേഴ്‌സിൽ കളിയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയും പങ്കുവെച്ചിരുന്നു.