ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്
ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. പരമ്പര തുടങ്ങുമ്പോൾ 121 റേറ്റിംഗുകളുമായി ദക്ഷിണാഫ്രിക ഒന്നാം സ്ഥാനത്തും 119 റേറ്റിങ്ങോടെ ഇന്ത്യ രണ്ടാമതുമായിരുന്നു. ഇപ്പോൾ ഐസിസി പുറത്തുവിട്ട പട്ടിക പ്രകാരം ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും 120 വീതമാണ് റേറ്റിംഗ്. ദക്ഷിണാഫ്രിക്കയെക്കാൾ കൂടുതൽ പോയിന്റുകൾ സ്വന്തമായുള്ളതിനാലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
ഏകദിനത്തിലെ മികച്ച ബാറ്റ്സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാമൻ.ദക്ഷിണാഫ്രിക്കയുടെ ഏബി ഡി വില്ലേഴ്സ് രണ്ടാം സ്ഥാനത്തും ആസ്ത്രേലിയയുടെ ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാൻ രോഹിത് ശർമയാണ് നാലാം സ്ഥാനത്ത്.
ഏകദിനത്തിലെ ബൗളർമാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കയുടെ സ്പിൻ സെൻസേഷൻ ഇമ്രാൻ താഹിറാണ് ഒന്നാമൻ. ന്യൂസിലൻഡ് പേസർ ട്രെൻറ് ബോൾട്ട് രണ്ടാമതും ഇന്ത്യയുടെ ജസ്പ്രീത് ബുംറ മൂന്നാമതുമാണ്.