ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചൊരു ടീമായി കളത്തിലിറങ്ങിയ കഥ..
സച്ചിൻ ടെണ്ടുൽക്കർ, വസിം അക്രം, അസറുദ്ധീൻ, വഖാർ യൂനിസ്, അജയ് ജഡേജ, സയ്യിദ് അൻവർ, അനിൽ കുംബ്ലെ , ആമിർ സൊഹൈൽ …ടീം ലൈൻ അപ്പ് കണ്ട് അത്ഭുതപ്പെടാൻ വരട്ടെ.. ഇന്ത്യയുടേയും പാകിസ്താൻെറയും എക്കാലത്തെയും മികച്ച താരങ്ങൾ അണിനിരന്നുകൊണ്ട് ഇത്തരത്തിലൊരു വിശിഷ്ട ടീം കളത്തിലിറങ്ങിയിട്ടുണ്ട്. അതും അയൽപക്കക്കാരായ ശ്രീലങ്കക്കെതിരെ പോരാടുവാൻ വേണ്ടി..
ഇനി ചരിത്രത്തിലേക്ക്..
1996 ലെ ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ടാണ് ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യമായും അവസാനമായും ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇതിഹാസ താരങ്ങൾ ഒന്നിച്ചൊരു ടീം കളത്തിലിറങ്ങിയത്.. കടുത്ത ക്രിക്കറ്റ് ആരാധകർ പോലും അത്ഭുതപ്പെട്ടുപോകുന്ന ക്രിക്കറ്റ് മുഹൂർത്തങ്ങളിലേക്ക് നയിച്ച സാഹചര്യം ഇതായിരുന്നു..
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായാണ് 1996 ലെ വിൽസ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥ്യമരുളിയത്. എന്നാൽ ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് ടീമുകൾ ടൂർണമെന്റിൽ നിന്നും പിന്മാറുന്നതായി അറിയിച്ചു. ശ്രീലങ്കൻ മണ്ണ് സുരക്ഷാ ഭീഷണിയില്ലാത്തതാണെന്നും ക്രിക്കറ്റ് മത്സരങ്ങൾക്കനുയോജ്യമെന്നും തെളിയിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതമായി.. ഈ ഒരു ഘട്ടത്തിലാണ് ശ്രീലങ്കയ്ക്ക് സഹായ ഹസ്തവുമായി സംയുക്ത ആതിഥേയരായ ഇന്ത്യയും പാകിസ്ഥാനുമെത്തിയത്.
ലോകകപ്പിന് മുന്നോടിയായി ശ്രീലങ്കൻ മണ്ണ് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ വേണ്ടി ലങ്കയിൽ ക്രിക്കറ്റ് കളിയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും തീരുമാനിച്ചു. കേവലമൊരു മത്സരമെന്ന ആശയമല്ല ഇരു രാജ്യങ്ങളും മുന്നോട്ടുവെച്ചത്.മറിച്ച് ഇന്ത്യയുടേയും പാകിസ്താൻെറയും താരങ്ങൾ ഒന്നിച്ച ഒരു സ്പെഷ്യൽ ടീം ശ്രീലങ്കയുമായി ക്രിക്കറ്റ് കളിക്കാൻ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു..
ഇതോടെ സച്ചിൻ ടെണ്ടുൽക്കർ, വസിം അക്രം, അസറുദ്ധീൻ, വഖാർ യൂനിസ്, അജയ് ജഡേജ, സയ്യിദ് അൻവർ, അനിൽ കുംബ്ലെ , ആരും കൊതിച്ചു പോകുന്ന സ്വപ്ന ടീം യാഥാർഥ്യമായി. വിൽസ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ ഇലവൻ എന്നു പേരിട്ട വിഖ്യാത ക്രിക്കറ്റ് ടീമിന്റെ നായകനായി ഇന്ത്യയുടെ അസറുദ്ധീൻ തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ ഇൻതികാബ് ആലമായിരുന്നു ടീം മാനേജർ.. സ്വപ്നത്തിൽ [പോലും നടക്കില്ലെന്ന് കടുത്ത ക്രിക്കറ്റ് ആരാധകർ പോലും വിശ്വസിച്ച ഇന്ത്യ ആൻഡ് പാകിസ്ഥാൻ സംയുക്ത ടീം അങ്ങനെ ശ്രീലങ്കക്കെതിരെ മൈതാനത്തിറങ്ങി.
ഇന്ത്യയുടെ സ്പിൻ മാന്ത്രികൻ അനിൽ കുംബ്ലെയുടെ 4 വിക്കറ്റ് പ്രകടന മികവിൽ ശ്രീലങ്കയെ 40 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 168 റൻസിലൊതുക്കാൻ വിൽസ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ ഇലവനു കഴിഞ്ഞു. 34 റൺസെടുത്ത ഗുരുസിൻഹയായിരുന്നു ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ.
മറുപടി ബാറ്റിങ്ങിൽ സയ്യിദ് അൻവറിനെയും ആമിർ സൊഹൈലിനെയും തുടക്കത്തിലേ നഷ്ട്ടമായ വിൽസ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ ഇലവനെ സച്ചിൻ ടെണ്ടുൽക്കർ നേടിയ 36 റൺസാണ് വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മുത്തയ്യ മുരളീധരന്റെ പന്തിൽ സച്ചൻ പുറത്തായ ശേഷം 126 നു 5 എന്ന നിലയിൽ തോൽവിയെ അഭിമുഖീകരിച്ച വിൽസ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ ഇലവനെ അജയ് ജഡേജയും റാഷിദ് ലത്തീഫും ചേർന്ന ആറാം വിക്കെറ്റ് കൂട്ടുകെട്ട് വിജയത്തിലെത്തിക്കുകയിരുന്നു..വസിം അക്രത്തിന് മുന്നേ എട്ടാമനായി ഇറങ്ങിയ വഖാർ യൂനിസാണ് വിജയ റൺ നേടിയത്.
8 ഓവറിൽ ഒരു മെയ്ഡൻ അടക്കം 12 റൺസ് വഴങ്ങി ശ്രീലങ്കയുടെ നാലു വിക്കറ്റുകൾ പിഴുത അനിൽ കുംബ്ലെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. ബൗളിംഗ് ഇതിഹാസം വസിം അക്രത്തിന്റെ പന്തിൽ സച്ചിൻ ക്യാച്ചെടുത്ത് പുറത്താക്കിയ റൊമേഷ് കലുവിതരണയുടെ വിക്കറ്റ് ഇങ്ങനെ കുറിക്കപ്പെട്ടു- c Sachin b Wasim.. രണ്ടു ഇതിഹാസങ്ങൾ ചേർന്ന് സ്വന്തമാക്കിയ കലുവിതരണയുടെ വിക്കറ്റ് ക്രിക്കറ്റ് ലോകം എക്കാലവും ഓർത്തു വെക്കുക തന്നെ ചെയ്യും.. 1996 ൽ ഫെബ്രുവരി 13 നാണ് ഇന്ത്യ ആൻഡ് പാകിസ്ഥാൻ ഇലവൻ എന്ന പേരിൽ ഇന്ത്യയും പാകിസ്ഥാനും ഒരേ മനസ്സോടെ, ഒരു ടീമായി വിജയത്തിനു വേണ്ടി കളത്തിലിറങ്ങിയത്. അതിർത്തി സംഘർഷങ്ങൾക്കപ്പുറം സൗഹൃദത്തിന്റെ സ്നേഹ സന്ദേശങ്ങളുയർത്തുന്ന ക്രിക്കറ്റ് കൂട്ടായ്മയുടെ ഓർമയ്ക്ക് ഈ ഫെബ്രുവരി 13 നു 22 വയസ്സ് തികയുകയാണ്.