കുട്ടിക്രിക്കറ്റിൽ ഗ്രാൻഡ്‌ഫിനാലേക്കൊരുങ്ങി ഇന്ത്യയും ദക്ഷിണാഫ്രിക്കയും

February 24, 2018

ഇന്ത്യയുടെ  എട്ടാഴ്ച്ചയിലധികം  നീണ്ടു നിന്ന  ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്ന് ന്യൂലാൻഡിൽ തിരശീലവീഴുമ്പോൾ കുട്ടിക്രിക്കറ്റിൽ ആരായിരിക്കും കിരീടം ചൂടുകയെന്നാണ് ക്രിക്കറ്റ് ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഓരോ മത്സരം വീതം വിജയിച്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ട് കളത്തിലിറങ്ങുമ്പോൾ കളിയിൽ തീപാറുമെന്നുറപ്പാണ്..

ടെസ്റ്റ് പരമ്പര 2 -1  നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയപ്പോൾ ആറു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇന്ത്യ കരുത്ത് കാണിച്ചത്. ഓരോ പരമ്പരകൾ വീതം സ്വന്തമാക്കി സമനില പാലിച്ച  ഇന്ത്യ ട്വന്റി- ട്വന്റി കൂടി സ്വന്തമാക്കി വിജയത്തോടെ പര്യടനം അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്..

രണ്ടാം ടി20യിൽ കണക്കിന് തല്ലുവാങ്ങിയ ചാഹലും ഉനെദ്കട്ടും അണിനിരക്കുന്ന ബൗളിംഗ് നിര എങ്ങനെ പന്തെറിയുമെന്നതിനനുസരിച്ചിരിക്കും ഇന്ത്യയുടെ ഭാവി. പരിക്കിന്റെ നിഴലിലുള്ള ജസ്പ്രീത് ബുംറ ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കുകയാണെങ്കിൽ ഇന്ന് കളത്തിലറങ്ങും.. ബുമ്രയെപ്പോലൊരു ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിന്റെ അഭാവവും ഭുവനേശ്വർ കുമാർ വിക്കെറ്റ് നേടുന്നതിൽ പരാജയപ്പെട്ടതുമാണ് രണ്ടാം ടി20 യിൽ ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്..