ലോകം ജയിച്ച യുവ ഇന്ത്യയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ക്രിക്കറ്റ് പ്രേമികൾ

February 6, 2018

ന്യൂസിലാൻഡിൽ നടന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ജേതാക്കളായി ഇന്ത്യയിൽ പറന്നിറങ്ങിയ ക്രിക്കറ്റ് ടീമിന് ഊഷ്മള സ്വീകരണം. ഇന്നലെ വെകീട്ട് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ കൗമാരപ്പടയ്ക്കാണ് ആരാധകർ ഗംഭീര സ്വീകരണം നൽകിയത്.
ആരാധകരെ കൂടാതെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും യുവ ഇന്ത്യയെ വരവേൽക്കാൻ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. താരങ്ങൾ ടെർമിനലിന് പുറത്തെത്തിയതോടെ ആർപ്പുവിളികളോടെയാണ് ആരാധകർ എതിരേറ്റത്. ഇന്ത്യയുടെ ദേശീയ പതാക, പുഷ്പ  മാല തുടങ്ങിയ സമ്മാനങ്ങളുമായാണ് ആരാധകർ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്നത്.

ഇന്ത്യയുടെ വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്നും ഒരു കളിക്കാരനെന്ന നിലയിൽ ലോകകപ്പ് നേടാൻ സാധിക്കാത്തതിൽ ഇപ്പോൾ വിഷമമൊന്നുമില്ലെന്നും പത്ര സമ്മേളനത്തിൽ രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.നീണ്ട വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ ഒരുപാട് നേട്ടങ്ങളും നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.അതെല്ലാം ക്രിക്കറ്റിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ പിന്നിട്ട വഴികളിൽ ഒരിക്കൽപോലും നഷ്ടബോധം തോന്നിയിട്ടില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ പരാജയമറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ഫൈനൽ മത്സരത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ 8 വിക്കെറ്റുകൾക്ക് തകർത്താണ് ദ്രാവിഡ് പരിശീലിപ്പിക്കുന്ന യുവ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് ഇനന്ത്യ അണ്ടർ 19 ലോകകപ്പിൽ മുത്തമിടുന്നത്.