ബ്ലാസ്റ്റേഴ്‌സിനെ അപകടകാരികളാക്കിയത് ഈ താരം; നിർണായക മത്സരത്തിനു മുൻപേ മുന്നറിയിപ്പുമായി ചെന്നൈയിൻ പരിശീലകൻ

February 23, 2018

ഐ എസ് എല്ലിലെ നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ എളുപ്പത്തിൽ കീഴടക്കാൻ കഴിയില്ലെന്ന് ചെന്നൈയിൻ എഫ് സി പരിശീലകൻ ജോൺ ഗ്രിഗറി. ഐ എസ് എൽ  ആദ്യ പകുതി പിന്നിടുമ്പോഴുണ്ടായിരുന്നതിനേക്കാൾ പ്രഹരശേഷിയുള്ള ടീമാണ് നിലവിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നും അതിനാൽ തന്നെ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ചെന്നൈയിൻ പരിശീലകൻ പറഞ്ഞു.

ഐ എസ്എല്ലിലെ നിർണായകമായ 17ാം റൗണ്ട് മത്സരത്തിനിറങ്ങുന്നതിനു മുൻപാണ് ബ്ളാസ്റ്റേഴ്‌സിന്റെ ശക്തിയെ കുറിച്ച് ഇംഗ്ലീഷ് പരിശീലകൻ മനസ്സ് തുറന്നത്. ഒന്നും നഷ്ടപെടാനില്ലാത്തവനായി വന്ന് ടീമിന്റെ പരിശീലക വേഷം ഏറ്റെടുത്ത ഡേവിഡ് ജെയിംസാണ് ബ്ലാസ്‌റ്റേഴ്‌സിനെ അടിമുടി മാറ്റിമറിച്ചതെന്നാണ് ചെന്നൈയിൻ പരിശീലകൻ പറയുന്നത്.

‘ഡേവിഡ് ജെയിംസിന്റെ വരവോടെ ബ്ലാസ്റ്റേഴ്‌സിന്റെ കളിരീതി ആകെമാറി. എല്ലാ മത്സരങ്ങളും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം മുതലേ ആക്രമിച്ചു കളിക്കുന്നവരുടെ സംഘമായി ബ്ലാസ്റ്റേഴ്‌സ് മാറിയിരിക്കുന്നു. പുണെക്കെതിരായ മത്സരം അവസാന മുപ്പതു സെക്കന്റുകളിലാണ് അവർ കൈപ്പിടിയിലാക്കിയത്.അതിനാൽ തന്നെ ഏതു നിമിഷവും എന്തും ചെയ്യാനുള്ള കെൽപ്പുള്ളവരാണ് ബ്ലാസ്റ്റേഴ്‌സ്’ ജോൺ ഗ്രിഗറി പറഞ്ഞു..

16 മത്സരങ്ങളിൽ നിന്നായി 28 പോയിന്റുമായി നിലവിൽ മൂന്നാം സ്ഥാനത്താണ് ചെന്നൈയിൻ എഫ് സി. അത്ര തന്നെ മത്സരങ്ങളിൽ നിന്നും 24 പോയിന്റുമായി അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ വിജയിക്കുകയും മറ്റു മത്സരങ്ങളുടെ ഫലങ്ങൾ അനുകൂലമാകുകയും ചെയ്താലേ സെമിഫൈനൽ പ്രവേശനം സാധ്യമാകുകയുള്ളു.