പൂജാരയുടെ ഒറ്റയാൾ പ്രകടനം വിഫലം; വിജയ് ഹസാരെ കിരീടത്തിൽ മുത്തമിട്ട് കർണാടക

February 27, 2018

വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കി കർണാടക.വാശിയേറിയ ഫൈനൽ മത്സരത്തിൽ കരുത്തരായ സൗരാഷ്ട്രയെ 42  റൺസിന് കീഴടക്കിയാണ് കർണാടക കിരീടത്തിൽ മുത്തമിട്ടത്..അഞ്ചുവർഷത്തിനിടെ ഇത് മൂന്നാം തവണയാണ് കർണാടക വിജയ് ഹസാരെ  കിരീടം ചൂടുന്നത്.

ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത കർണാടക 45.5 ഓവറിൽ 253 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു 90 റൺസ് നേടിയ ഓപ്പണർ മായാങ്ക് അഗർവാളാണ് കർണാടകയുടെ ടോപ് സ്കോറർ. 254 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗരാഷ്ട്ര തകർച്ചയോടെയാണ് ഇന്നിംഗ്സ് ആരംഭിച്ചത്. ഒരറ്റത്ത് ചേതേശ്വർ പൂജാര പതറാതെ പൊരുതിയെങ്കിലും ഇന്ത്യയുടെ ഭാവി ‘വന്മതിലി’നു പിന്തുണയേകാൻ സഹ താരങ്ങൾക്ക് കഴിയാതെ വന്നതോടെ സൗരാഷ്ട്ര 42 റൺസ് തോൽവി വഴങ്ങുകയായിരുന്നു. 127 പന്തുകളിൽ നിന്നായി 94 റൺസെടുത്ത ചേതേശ്വർ പൂജാര ഒന്പതാമനായാണ് പുറത്തായത്. കർണാടക ക്യാപ്റ്റൻ കരുൺ നായരുടെ നേരിട്ടുള്ള ഏ റിൽ റൺ ഔട്ടായാണ് പൂജാര മടങ്ങിയത്. കർണാടകയുടെ ഓപ്പണർ  മായാങ്ക് അഗർവാളാണ് കളിയിലെ കേമൻ.