ജംഷഡ്‌പൂരിന് തോൽവി; പ്ലേ-ഓഫ് പ്രതീക്ഷയിൽ ബ്ലാസ്റ്റേഴ്‌സ്

February 26, 2018

നിർണായകമായ 17ാം റൗണ്ടിൽ ബെംഗളൂരുവിനെതിരെ ജംഷഡ്‌പൂരിന്  തോൽവി പിണഞ്ഞതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുകൾ മുളക്കുന്നു.ഒന്നാം പകുതിയുടെ 23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ മിക്കുവും 34 ാം മിനുട്ടിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും നേടിയ ഗോളുകളിലാണ് ജംഷഡ്പൂരിനെതിരെ ബംഗളുരു എഫ് സി വിജയം സ്വന്തമാക്കിയത്.

നിർണായക മത്സരത്തിൽ  ജംഷഡ്പൂർ രണ്ടു ഗോൾ തോൽവി വഴങ്ങിയതോടെ കേരളാ ബ്ലാസ്റ്റേഴ്‌സിന് പ്ലേ-ഓഫ് പ്രതീക്ഷകൾ അൽപം കൂടി സജീവമായി.അടുത്ത മത്സരത്തിൽ ജംഷഡ്‌പൂർ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും മുംബൈ, ഗോവ ടീമുകൾ ഒരു കളി തോൽക്കുകയും ചെയ്താൽ കേരളാ ബ്ലാസ്റ്റേഴ്‌സിനു സെമി ഫൈനൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.പക്ഷെ സെമിഫൈനൽ സ്വപ്നം കണ്ടു തുടങ്ങണമെങ്കിൽ മാർച്ച് മൂന്നിന്  കരുത്തരായ ബെംഗളുരുവിനെ അവരുടെ തട്ടകത്തിൽ കീഴടക്കുകയെന്ന ശ്രമകരമായ ദൗത്യം കൂടി ബ്ലാസ്റ്റേഴ്‌സ് നിറവേറ്റേണ്ടതായിട്ടുണ്ട്.