മഴപ്പേടിയിൽ അഞ്ചാം ഏകദിനം; ചരിത്ര നേട്ടത്തിനരികിൽ ടീം ഇന്ത്യ

February 12, 2018

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള നിർണായകമായ അഞ്ചാം ഏകദിനം മഴമൂലം ഉപേക്ഷിക്കപെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫെബ്രുവരി 13 നു പോർട്ട് എലിസബത്തിൽ നടക്കുന്ന  മത്സരത്തിലാണ് മഴ വിധി നിർണയിക്കുമെന്ന അശുഭകരമായ സാധ്യത നിലനിൽക്കുന്നത്.

പോർട്ട് എലിസബത്ത് ഏകദിനം മഴമൂലം ഉപേക്ഷിക്കപെടുകയാണെങ്കിൽ ആറു മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിനു മുന്നേ തന്നെ  പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും. നിലവിൽ 3 മത്സരങ്ങൾ വിജയിച്ച ഇന്ത്യക്ക് ഒരു മത്സരത്തിൽ കൂടി വിജയിക്കാനായാൽ പരമ്പര സ്വന്തമാക്കാനാകും. ഡർബൻ,കേപ്‌ടൗൺ, സെഞ്ചുറിയൻ എന്നിവടങ്ങളിലായി നടന്ന ആദ്യ മൂന്നു മത്സരങ്ങളിൽ ഇന്ത്യ അനായാസ വിജയം കുറിച്ചപ്പോൾ മഴയുടെ ഇടപെടലുണ്ടായ വാണ്ടറേഴ്‌സിലെ നാലാം ഏകദിനത്തിൽ പരാജയം രുചിക്കാനായിരുന്നു ഇന്ത്യയുടെ വിധി. എന്നാൽ ജോഹന്നാസ് ബർഗിൽ ഇന്ത്യയുടെ വില്ലനായ മഴ കൂടുതൽ ശക്തിയോടെ പോർട്ട് എലിസബത്തിൽ എത്തുകയാണെങ്കിൽ അഞ്ചാം മത്സരം കളിക്കാതെ തന്നെ   വിരാട് കോഹ്ലിക്കും കൂട്ടർക്കും പരമ്പര സ്വന്തമാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.