രജനികാന്ത് ചിത്രം ‘കാലാ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി ധനുഷ്

February 24, 2018

സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കാലാ’യുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമിഴകത്തിന്റെ സൂപ്പർ താരം ധനുഷാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കാലാ’ യുടെ ടീസർ മാർച്ച് ഒന്നിന് പുറത്തിറങ്ങുമെന്നും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ സ്റ്റൈലൻ ആക്ഷനുകൾക്കായി കാത്തിരിക്കുവെന്നും പോസ്റ്റർ പുറത്തിറക്കികൊണ്ട് ധനുഷ് പറഞ്ഞു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഏപ്രിൽ 27  നു തീയേറ്ററുകളിലെത്തുമെന്ന് ധനുഷ് നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. കരികാലൻ എന്ന ടാഗ്‌ലൈനുമായെത്തുന്ന ചിത്രം മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ‘കാലാ’യിൽ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്രഹ്മണ്യനാണ്.