സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാതിരുന്നതെന്തുകൊണ്ട്?? ഉത്തരവുമായി രോഹിത് ശർമ്മ

February 15, 2018

നിർണായകമായ അഞ്ചാം ഏകദിനത്തിൽ വിമർശകരുടെ വായടപ്പിക്കുന്ന സെഞ്ചുറിയുമായി കളം നിറഞ്ഞപ്പോഴും ആഹ്ലാദപ്രകടനങ്ങൾ ഒഴിവാക്കിയതിനു പിന്നിലെ കാരണം  വ്യക്തമാക്കി രോഹിത് ശർമ്മ..ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും  രഹാനെയുടെയും റണൗട്ടിനു കരണക്കാരനായതിനാലാണ് സെഞ്ചുറി നേടിയിട്ടും ആഹ്ളാദ പ്രകടനങ്ങൾക്കൊന്നും മുതിരാതിരുന്നതെന്ന് രോഹിത് പറഞ്ഞു.

വിരാടും  രഹാനെയും പുറത്തായതോടെ തനിക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടി വന്നുവെന്നും അതിനാൽ തന്നെ 100 റൺസെന്ന മാർക്കിലെത്തിയപ്പോഴും ആഹ്ളാദിക്കേണ്ട സമയമായി എന്ന് തോന്നിയില്ലെന്നും രോഹിത് മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

”രണ്ട് പേരാണ് അതിന് മുമ്പ് റണ്‍  ഔട്ടായത്  അതിനാല്‍ തന്നെ ആ സമയം ആഹ്ളാദത്തിന്‍റേതായിരുന്നില്ല.  ഇത്തരം അവസരങ്ങളില്‍ ഇന്നിങ്സ് തുടരുകയെന്നതാണ്  പരമപ്രധാനം. ആഹ്ളാദ പ്രകടനം ആ സമയത്ത് എന്‍റെ മനസിലുണ്ടായിരുന്നില്ല – രോഹിത് പറഞ്ഞു.

കോഹ്ലിയുടെ റൺ ഔട്ടിൽ ഇരു താരങ്ങൾക്കും തുല്യ പങ്കുണ്ടെന്ന് വാദിക്കാമെങ്കിലും നാലാമനായി ക്രീസിലെത്തിയ രഹാനയെ പുറത്താക്കിയത് രോഹിതിന്റെ അലസത മാത്രമായിരുന്നു..റണ്ണിനായി നോൺ സ്‌ട്രൈക്കർ എൻഡിൽ നിന്നും രഹാനെ ഓടിയെങ്കിലും രോഹിത് ക്രീസിൽ തന്നെ നിന്നതിനാൽ രഹാനെ റൺ ഔട്ടാവുകയായിരുന്നു. രഹാനെയുമായുള്ള ആശയ വിനിമയത്തിൽ പിഴവ് വരുത്തിയ രോഹിത്തിന്റെ പെരുമാറ്റത്തിൽ ക്യാപ്റ്റൻ കോഹ്ലി അരിശം പ്രകടിപ്പിക്കുന്ന വീഡിയോ സമൂഹ  മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.