ട്വന്റി-ട്വന്റിയിൽ അപൂർവ റെക്കോർഡുമായി രോഹിത് ശർമ്മ

February 26, 2018

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം നയിച്ച രോഹിത് ശർമയെ തേടി കുട്ടിക്രിക്കറ്റിലെ അപൂർവ നേട്ടം.ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യ നാലു ട്വന്റി-ട്വന്റി മത്സരങ്ങൾ വിജയിച്ച ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ഖ്യാതിയാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്.  വിരാട് കോഹ്ലിയുടെ അഭാവത്തിൽ നായക സ്ഥാനം ഏറ്റെടുക്കേണ്ടിവന്ന രോഹിത്തിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം ഏഴു റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.

പാകിസ്താന്റെ മിസ്ബാഹ് ഉൾ ഹഖ്, ഷാഹിദ് അഫ്രീദി, സർഫ്രാസ് അഹമ്മദ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര, ലസിത് മലിംഗ  എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ള താരങ്ങൾ. 2017 ലെ ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനത്തിലാണ് രോഹിത് ശർമ്മ ആദ്യമായി ഇന്ത്യൻ ടി20 ടീമിന്റെ നായകനാകുന്നത്,മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ സമ്പൂർണ വിജയം നേടിയാണ് ഇന്ത്യ അന്ന് കിരീടം ചൂടിയത്. ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ന്യൂലാൻഡിൽ നടന്ന മൂന്നാം ടി20യിലും വിജയം നേടിയതോടെ ക്യാപ്റ്റൻ എന്ന നിലയിൽ കുട്ടിക്രിക്കറ്റിൽ അജയ്യനായി നിൽക്കുകയാണ് രോഹിത് ശർമ്മ.രോഹിത് നയിച്ച മുംബൈ ഇന്ത്യൻസാണ് കഴിഞ്ഞ സീസണിലെ ഐപിഎല്ലിൽ കിരീടം ചൂടിയത്.