അശ്വിനെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

February 27, 2018

 ചെന്നൈയിൽ നിന്നുള്ള ഇന്ത്യയുടെ വിശ്വസ്ത  സ്പിന്നർ രവിചന്ദ്ര അശ്വിനെ നായകനായി  പ്രഖ്യാപിച്ച കിങ്‌സ് ഇലവൻ പഞ്ചാബിന്റെ  തീരുമാനം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. യുവരാജ് സിംഗ്, ആരോൺ ഫിഞ്ച്, ഡേവിഡ് മില്ലർ ക്രിസ് ഗെയ്ൽ തുടങ്ങി പരിചയ സമ്പന്നരായ നിരവധി താരങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ്   അശ്വിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന് അറിയാനുള്ള ആകാംഷ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.കിങ്‌സ് ഇലവൻ പഞ്ചാബിന്റെ നായകനെ തിരഞ്ഞെടുക്കുന്നതിനു മുൻപ് ആരാധകരുടെ അഭിപ്രായം തേടി നടത്തിയ ഓൺലൈൻ സർവേയിൽ 90 ശതമാനം പേരും ക്യാപ്റ്റനായി യുവരാജിന്റെ പേരാണ് നിർദ്ദേശിച്ചത്..ആരാധകരുടെ നിർദേശത്തെയും  അനുഭവ സമ്പന്നരായ മറ്റു താരങ്ങളുടെ സാധ്യതയും തള്ളിക്കളഞ്ഞു കൊണ്ട് അശ്വിനെ നായകനാക്കിയതെന്തുകൊണ്ടെന്ന് ഒടുവിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ മെന്ററും പരിശീലകനുമായ വിരേന്ദർ സെവാഗ് തന്നെ വെളിപ്പെടുത്തി.

‘തൊണ്ണൂറു ശതമാനം ആരാധകരും യുവരാജ് സിംഗിനെ ക്യാപ്റ്റനാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. പക്ഷേ ഞാന്‍ വ്യത്യസ്തമായാണ് ചിന്തിച്ചത്. വസീം അക്രം, വഖാര്‍ യൂനിസ്, കപില്‍ ദേവ് തുടങ്ങിയവരുടെ ആരാധകനെന്ന നിലയില്‍ ഒരു ബോളറെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഇതിഹാസതാരങ്ങളെല്ലാം ടീമിനെ മികച്ച രീതിയില്‍ നയിച്ചവരാണ്’- സേവാഗ് പറഞ്ഞു.

കഴിഞ്ഞ 10 സീസണുകളിളും ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന അശ്വിൻ   111 ഐപി എൽ മത്സരങ്ങളിൽ നിന്നായി 100 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ജനുവരിയിൽ നടന്ന ഐപിൽ താരലേലത്തിൽ 7.6 കോടി രൂപയ്ക്കാണ്  ചെന്നൈയിൽ നിന്നും കിങ്‌സ് ഇലവൻ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്