അഞ്ചാം ഏകദിനം; ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.

February 13, 2018

പോർട്ട് എലിസബത്തിൽ നടക്കുന്ന നിർണായകമായ അഞ്ചാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു. മൂടിക്കെട്ടിയ അന്തരീക്ഷവും മഴ പെയ്യാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഫീൽഡിങ് തിരഞ്ഞെടുത്തതെന്ന് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മർക്രം വ്യക്തമാക്കി.

ബൗളിംഗ് തിരഞ്ഞെടുക്കാൻ തന്നെയായിരുന്നു ഇന്ത്യയും ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ ഏത് അവസരവും ഉപയോഗപ്പെടുത്താൻ പാകത്തിലുള്ള കൈക്കുഴ സ്പിന്നർമാരുള്ളതിനാൽ  സ്കോർ പ്രതിരോധിക്കാനും ടീമിന് കഴിയുമെന്ന് വിരാട് കോഹ്ലി ടോസിന് ശേഷം പറഞ്ഞു..

പരിക്കേറ്റ ഓൾറൗണ്ടർ ക്രിസ് മോറിസിന് പകരം സ്പിന്നർ ടബാരിസ് ഷംസി എത്തിയതാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ഏക മാറ്റം. നാലാം ഏകദിനത്തിനിറങ്ങിയ ടീമിൽ നിന്നും മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.

പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങൾ ആധികാരികമായി വിജയിച്ച ടീം ഇന്ത്യ നാലാം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.. ഈ മത്സരം കൂടി വിജയിക്കാനായാൽ ആറു മത്സര പരമ്പര ഇന്ത്യക്ക് സ്വന്തമാകും.ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ഏകദിന പാരമ്പരയെന്ന ചരിത്ര നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ