വാക്കു പാലിച്ച് ടിനി ടോം; എട്ടു കൊല്ലത്തെ കാത്തിരിപ്പിനൊടുവിൽ സ്വാലിഹ് മമ്മൂട്ടിയെ കണ്ടു..!
മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരിക്കലെങ്കിലും ഒന്ന് നേരിട്ട് കാണണമെന്നതാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സ്വാലിഹ് എന്ന മൂന്നാം ക്ലാസുകാരന്റെ ഏറ്റവും വലിയ അഭിലാഷം..കഴിഞ്ഞ എട്ടു വർഷത്തോളമായി നടക്കാതിരുന്ന ആ സ്വപ്നം ഒടുവിൽ കോമഡി ഉത്സവ വേദിയിലൂടെ സഫലമായതിന്റെ സന്തോഷത്തിലാണ് സ്വാലിഹിപ്പോൾ. ജന്മനാ വൈകല്യങ്ങളുമായി ജനിച്ച സ്വാലിഹ് ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിന്റെ കടുത്ത ആരാധകനാണ്. കോമഡി ഉത്സവം മുടങ്ങാതെ കാണുകയും പരിപാടിയിൽ പങ്കെടുക്കാനായി മിമിക്രി പഠിക്കുകയും ചെയ്ത സ്വാലിഹ് ശശികലിംഗ, വിനയ് ഫോര്‍ട്ട്, വി എസ് അച്യുതാനന്ദന് എന്നിവരെ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
കോമഡി ഉത്സവ വേദിയിൽ വെച്ച് സ്വാലിഹിന്റെ പിതാവാണ് തന്റെ മകന് മമ്മൂട്ടിയോടുള്ള കടുത്ത ആരാധന വ്യക്തമാക്കിയത്. ഒരു അമ്പത് തവണയെങ്കിലും മമ്മൂട്ടിയെ കാണാൻ ശ്രമിച്ചു പരാജയപ്പെട്ട കാര്യവും സ്വാലിഹും അച്ഛനും വേദിയില്‍ നിന്ന് വെളിപ്പെടുത്തി. ഇത് കേട്ടയുടനെ സ്വാലിഹിന്റെ ആഗ്രഹം എത്രയും പെട്ടെന്ന് നടത്തിക്കൊടുക്കാമെന്ന് കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ടിനി ടോം വാക്കു നൽകുകയായിരുന്നു. കോമഡി ഉത്സവ വേദിയിൽ വെച്ചു തന്നെ സ്വാലിഹിന്റെ വീഡിയോ എടുത്ത് മമ്മൂട്ടിയ്ക്ക് അപ്പോള്‍ തന്നെ അയക്കുകയും ചെയ്തിരുന്നു. . ടിനിടോം നല്കിയ ഉറപ്പ്, ഇത്രപെട്ടെന്ന് യാഥാര്‍ത്ഥ്യമാകുമെന്ന് സ്വാലിഹെന്നല്ല, പ്രേക്ഷകര്‍ പോലും കരുതിയിട്ടുണ്ടാകില്ല.
കഴിഞ്ഞ ആഴ്ചയാണ് സ്വാലിഹ് എത്തിയ എപിസോഡ് ഫ്ളവേഴ്സ് ടിവിയില്‍ ടെലികാസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറായ ഹനീഫിന്റേയും ഭാര്യ രസ്നയുടേയും മൂന്നാമത്തെ മകനായ സ്വാലിഹ്, കൊട്ടപ്പുറം സെന്റ് മൈക്കിള്‍സ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ്. വൈകല്യങ്ങളുമായി പിറന്നുവീണ സ്വാലിഹിന് 11 വയസ്സിനിടെ 11 മേജര്‍ സര്‍ജറികളാണ് കഴിഞ്ഞത്. എങ്കിലും ഇരുകാലില്‍ നടക്കാനായിട്ടില്ല, ഇനിയും ശസ്ത്രക്രിയകള്‍ ബാക്കിയുണ്ട്.
കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിലെ യൂത്ത് ഹോസ്റ്റലില്‍ വച്ചാണ് സ്വാലിഹ് തന്റെ ആരാധനാപാത്രത്തെ നേരിട്ട് കണ്ടത്. സ്വാലിഹിന്റെ സ്വപ്ന സാക്ഷാത്കാരത്തിന് സാക്ഷിയായി ടിനി ടോമും കൂട്ടിനുണ്ടായിരുന്നു. മമ്മൂട്ടി തന്നെയാണ് സ്വാലിഹിനോട് കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിലെത്താൻ പറഞ്ഞത്.സ്വാലിഹിനെ കാണാന്‍ കാത്തിരുന്ന താരം സ്വാലിഹിന് നല്കാന് ഒരു സമ്മാനവും കരുതി വച്ചിരുന്നു. ഒരു നോക്ക് ദൂരെ നിന്നെങ്കിലും കാണാൻ കൊതിച്ച പ്രിയ താരം തനിക്കായ് കാത്തിരിക്കുക. സമ്മാനം കരുതിവെക്കുക…എട്ടു വർഷത്തോളം മനസ്സിൽ മായാതെ കാത്ത സ്വാലിഹിന്റെ അഭിലാഷത്തിന് ഇതിലും മികച്ച പരിസമാപ്തി വേറെയുണ്ടാകില്ല