ആരാധകനു വേണ്ടി ഫുട്ബോൾ മൈതാനത്ത് ഹെലികോപ്ടർ ആംബുലൻസ് പറന്നിറങ്ങി..!

March 12, 2018

ഫുട്ബോൾ മത്സരത്തിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ആരാധകനുവേണ്ടി  മൈതാനത്ത് ഹെലികോപ്റ്റർ ആംബുലൻസ് പറന്നിറങ്ങി.ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് അത്യപൂർവ സംഭവങ്ങൾ അരങ്ങേറിയത്.

ചെസ്റ്റർഫീൽഡ്‌സും ലിങ്കൺസും തമ്മിലുള്ള മത്സരത്തിനിടെയാണ് കാണികളിൽ ഒരാളായ ആരാധകന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേത്തുടർന്ന്  കളി നിർത്തിവെക്കുകയാണെന്നും  അദ്ദേഹത്തിന്  പ്രാഥമിക ശുശ്രുഷ നൽകാനായി ഉടൻ തന്നെ ഒരു ഹെലികോപ്ടർ മൈതാനത്തു പറന്നിറങ്ങുമെന്നും അറിയിച്ചുകൊണ്ട് അധികൃതർ അനൗൺസ്‌മെന്റ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

അറിയിപ്പിനെ തുടർന്ന് ആംബുലൻസിന് സുരക്ഷിതമായി പറന്നിറങ്ങാൻ വേണ്ടി താരങ്ങൾ വഴിയൊരുക്കുകയിരുന്നു. മൈതാനത്തിറങ്ങിയ ഹെലികോപ്റ്റർ ആംബുലൻസ് അവിടെ വെച്ചു തന്നെ  പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷം  രോഗിയെ ഹോസ്പിറ്റലിലേക്ക് മാറ്റി. 26 മിനുട്ടോളം കളി മുടക്കിയ ശേഷമാണ് ഹെലികോപ്റ്റർ മൈതാനം വിട്ടത്. ഹെലികോപറ്റർ ലാൻഡിങ്ങിനിടെ  ഗ്രൗണ്ടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഫുട്ബോൾ മത്സരം തുടരാൻ ഗ്രൗണ്ട്  സജ്ജമാണെന്നും  ഉറപ്പുവരുത്തിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്