കൂറ്റൻ സിക്സ് അടിച്ചിട്ടും ബാറ്റ്സ്മാൻ പുറത്തായി; വൈറലായി വീഡിയോ

March 2, 2018

സിക്സ് നേടിയിട്ടും പുറത്താകേണ്ടി വന്ന ബാറ്റ്സ്മാൻ എന്ന ദുർവിധിയുമായി പാക് താരം  അൻവർ അലി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി ബാറ്റ് ചെയ്യുമ്പോഴാണ്  കൂറ്റൻ സിക്സ് പറത്തിയിട്ടും  അൻവർ അലിക്ക് വിചിത്ര പുറത്താകലിന് വിധേയമാകേണ്ടിവന്നത്. സിക്സ് നേടിയെങ്കിലും  അശ്രദ്ധയാൽ ഹിറ്റ് വിക്കറ്റായതാണ് അൻവർ അലിക്ക് വിനയായത്.

പെഷവാറിന്റെ പേസർ വഹാബ് റിയാസിന്റെ പന്തിൽ ബാക്ക്ഫൂട്ടിലിറങ്ങി സിക്സ് അടിക്കവേയാണ് അൻവർ അലിയുടെ കാലുകൾ സ്റ്റമ്പിൽ കൊണ്ടത്.  മിഡ് വിക്കറ്റിന് മുകളിലൂടെ സിക്സർ നേടിയെങ്കിലും പെഷവാർ ടീമിന്റെ നായകനായ മുഹമ്മദ് ഹഫീസും മറ്റു താരങ്ങളും ഔട്ടിനായി വാദിച്ചതോടെ അമ്പയർ അൻവർ അലിക്കെതിരെ ഔട്ട് വിധിക്കുകയായിരുന്നു. സിക്സ് ആഘോഷിക്കുന്ന കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് അൻവർ അലി പവലിയനിലേക്ക് തിരിച്ചു കയറിയത്. മൂന്നു പന്തിൽ നാല് റൺസായിരുന്നു അൻവർ അലിയുടെ സമ്പാദ്യം.