നിദാഹസ് ട്രോഫി; ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 177 റൺസ് വിജയ ലക്ഷ്യം

March 14, 2018

നിദാഹസ് ട്രോഫിയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് റൺസ് വിജയ ലക്ഷ്യം. ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെയും മൂന്നാമനായി ഇറങ്ങിയ സുരേഷ് റെയ്നയുടെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.  61 പന്തിൽ   5 വീതം സിക്സറുകളുടെയും ഫോറുകളുടെയും അകമ്പടിയോടെയാണ് രോഹിത് ശർമ്മ  89 റൺസെടുത്തത്. 30 പന്തിൽ 47  റൺസെടുത്ത സുരേഷ് റെയ്നയും ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 102  റൺസാണ് അടിച്ചു കൂട്ടിയത്.

മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 35 റൺസെടുത്ത ധവാനും  രോഹിത്തും ചേർന്ന്  ഇന്ത്യക്കായി മികച്ച തുടക്കമാണ് നൽകിയത്. റുബെൽ ഹുസ്സൈന്റെ പന്തിൽ ബൗൾഡായി മടങ്ങിയ ധവാന് ശേഷം റെയ്ന ക്രീസിലെത്തിയതോടെ സ്കോറിങ് വേഗം കൂടി. മത്സ രത്തിലെ അവസാന ഓവറിലാണ് സുരേഷ് റെയ്നയും രോഹിത്തും  പുറത്തായത്. നാലോവറിൽ  43 റൺസ് വഴങ്ങിയ അബു ഹൈദറാണ് ബംഗ്ലാദേശ് നിരയിൽ ഏറ്റവും കൂടുതൽ പ്രഹരം വാങ്ങിയത്.ഈ മത്സരം വിജയിച്ചാൽ ഇന്ത്യ ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിൽ പ്രവേശിക്കും