അന്ന് കോഹ്ലിയെ പുറത്താക്കിയവർ എന്റെ ജോലി തെറിപ്പിച്ചു; ആരോപണങ്ങളുമായി മുൻ സെക്ടർ വെങ്‌സർക്കാർ

March 8, 2018

2008 ൽ വിരാട് കോഹ്ലിയെ സീനിയർ ടീമിലെത്തിക്കാനുള്ള തന്റെ ശ്രമങ്ങൾക്ക് അന്നത്തെ ഇന്ത്യൻ ടീം കോച്ച് ഗാരി കേസ്റ്റണും നായകൻ ധോണിയും വിസമ്മതിച്ചിരുന്നതായി മുൻ മുഖ്യ സെലക്റ്റർ ദിലീപ് വെങ്‌സർക്കർ..വിരാട് കോഹ്ലിക്ക് പകരമായി തമിഴ് നാട്ടിൽ നിന്നുള്ള മധ്യനിര ബാറ്റ്സ്മാൻ എസ് ബദരീനാഥിനെ ടീമിലെത്തിക്കാനായിരുന്നു ക്യാപ്റ്റനും കോച്ചിനും താൽപര്യമെന്നും ഇതിനായി അന്നത്തെ ബിസിസിഐ ട്രഷറർ ആയിരുന്ന എൻ ശ്രീനിവാസൻ കരുക്കൾ നീക്കിയതായും വെങ്‌സർക്കർ ആരോപിച്ചു.   മറാത്തി മാധ്യമ പ്രവർത്തകരെ ആദരിക്കാനായി ബുധനാഴ്ച്ച  സങ്കടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യയുടെ മുൻ നായകൻ കൂടിയായിരുന്ന വെങ്‌സർക്കാർ വിവാദ പരാമർശം നടത്തിയത്.

”2008 ൽ നടന്ന ശ്രീലങ്കൻ പര്യടനത്തിലേക്ക് അന്നത്തെ കൗമാര താരമായിരുന്ന വിരാട് കോഹ്ലിയെ പരിഗണിക്കണമെന്ന് ഞാൻ നിർദ്ദേശിച്ചു. മറ്റു നാല് സെലക്ടർമാരും എന്റെ നിർദേശത്തെ അംഗീകരിച്ചുവെങ്കിലും  അന്നത്തെ ടീം ക്യാപ്റ്റനും കോച്ചുമായിരുന്ന ധോണിക്കും ഗാരി കേസ്റ്റണും ഇത് സ്വീകാര്യമായിരുന്നില്ല. പകരം മധ്യനിര ബാറ്റ്സ്മാൻ എസ് ബദരീനാഥിനെ ടീമിലെത്തിക്കാനായിരുന്നു അവർക്ക് താല്പര്യം. അന്നത്തെ ബിസിസിഐ ട്രഷറർ ആയിരുന്ന എൻ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരമായ ബദരീനാഥിന് പകരം കോഹ്ലിയെ തിരഞ്ഞെടുക്കാനുള്ള എന്റെ നിലപാടിനെ ശ്രീനിവാസനും തീരെ ഇഷ്ടപ്പെട്ടില്ല..തുടർന്ന് എൻ ശ്രീനിവാസൻ ഇടപെട്ട് മുഖ്യ സെലെക്ടർ എന്ന നിലയിലുള്ള എന്റെ കാലാവധി വെട്ടിക്കുറക്കുകയായിരുന്നു”- ദിലീപ് വെങ്‌സർക്കാർ പറഞ്ഞു.

2008 ലെ ശ്രീലങ്കൻ പര്യടനത്തിൽ എസ് ബദരീനാഥിനെയും കോഹ്ലിയെയും ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്.എന്നാൽ മൂന്ന് ഇന്നിഗ്‌സുകളിൽ നിന്ന് 39 റൺസ് മാത്രമാണ് ബദരീനാഥിന് നേടാൻ കഴിഞ്ഞത്.അഞ്ചു മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി ഒരു അർദ്ധ ശതകമടക്കം 161 റൺസ് നേടി വരവറിയിക്കുകയും ചെയ്തു.