”ഈ ഒരു ആഗ്രഹം മാത്രം ഇനിയും സാധ്യമായില്ല”..വേദനയോടെ ദിനേഷ് കാർത്തിക്..!

March 21, 2018

നിദാഹസ് ട്രോഫി ഫൈനലിലെ അവസാന ബോൾ സിക്സോടെ ഇന്ത്യൻ ആരാധകരുടെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് ദിനേഷ് കാർത്തിക്. കരിയർ തുടങ്ങി വർഷങ്ങളായെങ്കിലും ദിനേഷ് കാർത്തിക് എന്ന ബാറ്റ്സ്മാനെ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പ്രകടനങ്ങളൊന്നും ഇതുവരെ പുറത്തെടുക്കാൻ സാധിക്കാതിരുന്ന താരത്തിന് പിന്നിട്ട വഴികളിലെപ്പോഴോ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുത്തു നൽകുന്നതായിരുന്നു ആ ഇന്നിംഗ്സ്..

ബെസ്റ്റ് ഫിനിഷർ എന്ന  നിലയിൽ എം എസ് ധോണിയുടെ പകരക്കാരനാകാൻ ഡികെ  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദിനേഷ് കാർത്തിക്കിന് സാധിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.എന്നാൽ ആരാധക ഹൃദയത്തിൽ സൂപ്പർ താര പരിവേഷം ലഭിച്ചുവെങ്കിലും തനിക്ക് സഫലമാക്കാൻ  കഴിയാതെ പോയ ഒരു ആഗ്രഹത്തെ ഓർത്തുള്ള നിരാശയിലാണ് കാർത്തിക്. തമിഴ് നാട്ടുകാരനായ ദിനേഷ് കാർത്തിക്കിന് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഇതുവരെ കളിയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് താരത്തിന്റെ സങ്കടം.

”ചെന്നൈക്കു വേണ്ടി കളിയ്ക്കാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു.അതെന്റെ ഒരു വലിയ സ്വപ്നം കൂടിയായിരുന്നു”-നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ  ദിനേഷ് കാര്‍ത്തിക് പറഞ്ഞു. നാലാം സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിക്കാൻ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ച ശേഷമാണ് കാർത്തിക് തന്റെ സ്വപ്നം വെളിപ്പെടുത്തിയത്.