ആദ്യം സാഷ്ടാംഗം പ്രണമിച്ചു..ശേഷം കെട്ടിപ്പുണർന്നു..ധോണിയോടുള്ള തീവ്രമായ സ്നേഹം പ്രകടിപ്പിച്ച് കുട്ടി ആരാധകൻ

March 21, 2018

എം എസ് ധോണിയെന്ന  ക്രിക്കറ്റ് ഇതിഹാസത്തിന്  കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല.. ഏകദിന ലോകകപ്പും  ചാമ്പ്യൻസ് ട്രോഫിയും  ടി20  ലോകകിരീടവും സ്വന്തമാക്കിയ ഒരേയൊരു നായകൻ.ലോകം കണ്ട എക്കാലത്തെയും മികച്ച നായകരിൽ മുൻപന്തിയിൽ തന്നെയുണ്ടാകും ഈ ജാർഖണ്ഡുകാരന്റെ പേരും. തന്ത്രശാലിയെന്ന നായകനൊപ്പം വിക്കറ്റിന് പിന്നിൽ അത്ഭുതം തീർക്കുന്ന മാന്ത്രിക കീപ്പർ എന്ന നിലയിലും ധോണിയെ വെല്ലാൻ മറ്റൊരാളില്ല.പകരം വെക്കാനില്ലാത്ത ഇത്തരം വസ്തുതകൾ തന്നെയാണ് എം എസ് ധോണിയെന്ന ഇന്ത്യയുടെ ബെസ്റ്റ് ഫിനിഷർക്ക് അസംഖ്യം ആരാധകരെ സമ്മാനിച്ചതും.

പൊതു വേദികളിൽ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിലെല്ലാം ആരാധകർ തങ്ങളുടെ തീവ്രമായ സ്നേഹവും ആരാധനയും ധോണിയെ അറിയിക്കാറുണ്ട്. ബിസിസിഐ നൽകിയ വിശ്രമ സമയം കുടുംബവുമായി ആഘോഷിക്കുന്ന എം എസ് ധോണി അടുത്തിടെ പങ്കെടുത്ത ഒരു പൊതു പരിപാടിക്കിടെ ആരാധകൻ നടത്തിയ സ്നേഹ പ്രകടനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

സംഭവം ഇങ്ങനെ, ധോണിയും സംഘാടകരും വേദിയിൽ നിൽക്കെ ഒരു കുട്ടി ആരാധകനെ സ്റ്റേജിലേക്ക് ക്ഷണിച്ചു.വേദിയിലെത്തി ധോണിയെ കണ്ടപാടെ ആരാധകൻ ധോണിയുടെ കാലിൽ വീഴുകയായിരുന്നു. ആരാധകനെ   പിടിച്ചെഴുന്നേൽപ്പിച്ച ധോണി  തന്നോട് ചേർത്തു നിർത്തി..ശേഷം ഒരുമിച്ചുള്ള സെൽഫിയും പകർത്തി. തന്റെ ഓട്ടോഗ്രാഫ് പതിച്ച ബാറ്റ് സമ്മാനമായി നൽകാനും ഇന്ത്യയുടെ  മുൻ നായകൻ മറന്നില്ല..ഒടുവിൽ ധോണിയെ പിരിയാനാകാത്ത വിധം കെട്ടിപ്പിടിച്ചു നിന്ന കൊച്ചു ആരാധകനെ വളരെ കഷ്ടപ്പെട്ടാണ് സംഘാടകർ  അനുനയിപ്പിച്ചത്.വീഡിയോ കാണാം.