റഷ്യൻ ലോകകപ്പിൽ ചരിത്രം പിറക്കും; നിർണായക തീരുമാനങ്ങളുമായി ഫിഫ
റഷ്യ ആഥിത്യമരുളുന്നു 2018 ഫിഫ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗപ്പെടുത്താന്‍ തീരുമാനമായി. സൂറിച്ചിൽ നടന്ന ഇന്റർനാഷണൽ ഫുട്ബാൾ അസോസിയേഷൻ ബോർഡിൻറെ നിർണായക യോഗങ്ങൾക്കു ശേഷമാണ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിപ്ലവാത്മകമായ തീരുമാനങ്ങളിൽ ഒന്നായ വീഡിയോ അസിസ്റ്റന്റ് റഫറി(വി എ ആർ സിസ്റ്റം ) സിസ്റ്റം നടപ്പിലാക്കാൻ തീരുമാനമായത്.
ഇതോടെ ഓഫ്സൈഡ്, പെനാല്‍റ്റി, ഫൗള്‍ തുടങ്ങിയവ വീഡിയോ വിശകലനത്തിലൂടെ പരിശോധിച്ച് റഫറിമാര്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കുകയും പരമാവധി പിഴവുകളില്ലാതെ കളി മുന്നോട്ട് കൊണ്ടുപോകാൻ കളമൊരുങ്ങുകയും ചെയ്യും.
”വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഫുട്ബോളിന് നല്ലതാണെന്ന് ബോധ്യപ്പെട്ടു..എന്നിരുന്നാലും കൊളംബിയയിൽ ഈ മാസം അവസാനം നടക്കുന്ന ഫിഫ ഉന്നതാധികാര കൗൺസിലിന്റെ ചർച്ചകൾക്കു ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളു..വി എ ആർ സിസ്റ്റം നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം .അതുവഴി ഉന്നതാധികാര സമിതി വീഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിന് പച്ചക്കൊടി വീശുമെന്നാണ് പ്രതീക്ഷ..” ഫിഫ പ്രസിഡന്റ് മാധ്യമങ്ങളോടായി പറഞ്ഞു..