തീപാറും മത്സരങ്ങൾക്ക് അരങ്ങൊരുങ്ങി; യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ചറായി

March 17, 2018

യുവേഫാ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ച്ചർ പുറത്തുവിട്ടു. യുവേഫാ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിൽ ഉക്രൈൻ ഫുട്ബാൾ ഇതിഹാസം ആന്ദ്രേ ഷേവ്ചെങ്കോയുടെ സാന്നിധ്യത്തിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ഏറ്റുമുട്ടുന്ന ടീമുകളെ തിരഞ്ഞെടുത്തത്.
സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് ഇറ്റലിയിൽ നിന്നുള്ള എ എസ് റോമായാണ് എതിരാളികൾ.മറ്റൊരു സ്പാനിഷ് കരുത്തരായ സെവിയ്യ ബുണ്ടസ്ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കിനെ നേരിടും. ക്വാർട്ടർ ഫൈനലിലെ ഏറ്റവും വലിയ പോരാട്ടമായി വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ നിലവിലെ യുവേഫാ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡ് ഇറ്റാലിയൻ കരുത്തരായ യുവന്റസിനെ നേരിടും.. കഴിഞ്ഞ വർഷത്തെ ഫൈനലിൽ ഏറ്റുമുട്ടിയ ടീമുകൾ വീണ്ടും കൊമ്പുകോർക്കുമ്പോൾ  പോരാട്ടം തീപാറുമെന്നുറപ്പാണ്. ക്വാർട്ടർ ഫൈനലിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിൽ നിന്നുള്ള ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും.