പന്തിൽ കൃത്രിമം കാണിക്കൽ; ഓസീസ് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൗരവ് ഗാംഗുലി

March 26, 2018

 

 

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം  ടെസ്റ്റിൽ  തോൽവി  ഒഴിവാക്കാനായി പന്തിൽ കൃത്രിമം കാണിച്ചുവെന്ന ഓസീസ് നായകൻ സ്റ്റീവൻ സ്മിത്തിന്റേ കുറ്റസമ്മതം ഞെട്ടലോടെയാണ് ക്രിക്കറ് ലോകം കേട്ടത്. നായകൻ സ്റ്റീവ് സ്മിത്തിന്റേയും ഉപനായകൻ ഡേവിഡ് വര്ണരുടെയും നിർദ്ദേശപ്രകാരമാണ് ബെൻ ക്രോഫ്റ്റ് എന്ന യുവ ഓസീസ് ഓപ്പണർ പന്ത് ചുരണ്ടി ആകൃതി നഷ്ടപ്പെടുത്താൻ ശ്രമിച്ചതെന്ന് പുറം ലോകം അറിഞ്ഞതോടെ ഓസീസ് താരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും ഉയരുന്നത്.

മാന്യന്മാരുടെ കളിയെന്ന് വിളിപ്പേരുള്ള ക്രിക്കറ്റിന്റെ സൽപ്പേരിനു തന്നെ കളങ്കം ചാർത്തിയ സ്റ്റീവ് സ്മിത്തിനെതിരെയും ഓസീസ് ടീമിനെതിരെയും ശക്തമായ ഭാഷയിൽ  വിമർശിച്ചുകൊണ്ടാണ് ഇന്ത്യയുടെ മുൻ നായകൻ സൗരവ് ഗാംഗുലിയും രംഗത്തെത്തിയത്.

”പന്ത് ചുരണ്ടുന്നത് വലിയ ക്രിമിനൽ കുറ്റമൊന്നുമല്ല എന്നത് ശരി തന്നെ.പരിശീലകൻ ഡാരൻ ലീമാനും, സ്മിത്തും, വാർണറും ആ സബ്സ്റ്റിറ്റിയൂട്ടും, വാക്കി ടോക്കിയിലൂടെ നിർദ്ദേശങ്ങൾ നൽകിയ എല്ലാവരും ചേർന്നാണ് സാന്റ പേപ്പർ കൊണ്ട് പന്ത് ചുരണ്ടാൻ ബെൻക്രോഫ്റ്റിനു നിർദേശം നൽകിയത്.എന്തുകൊണ്ട് സ്മിത്ത് സ്വയം ഇത് ചെയ്തില്ല..? അല്ലെങ്കിൽ വാർണർ? നായകനും പരിശീലകനും എല്ലാവരും ചേർന്ന് ഒരു യുവതാരത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്” -ഗാംഗുലി പറഞ്ഞു.

കുറ്റസമ്മതം നടത്തിയിട്ടും സ്മിത്തിന് നൽകിയ ഒരു മത്സര സസ്‌പെൻഷനും മാച്ച് ഫീ പിഴയും വളരെ കുറഞ്ഞുപോയെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.സ്മിത്ത്, വാർണർ,ലീമാൻ എന്നിവർക്ക് വരാനുള്ളത് കഠിന പരീക്ഷണങ്ങളാണെന്നും അവർക്ക് ടീമിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നുമാണ് താൻ വിശ്വസിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

”വാതുവെപ്പിനോളം ഗുരുതരമായ കുറ്റമൊന്നുമല്ല ഇത്..പക്ഷെ നഷ്ട്ടപ്പെട്ടത് വിശ്വാസ്യതയാണ്..ഇവരെ വിശ്വസിക്കാൻ കഴിയില്ലെന്ന് എല്ലാവരും പറയും.അതവരെ ജീവിതകാലം മുഴുവൻ വേട്ടയാടും..”-ഗാംഗുലി കൂട്ടിച്ചേർത്തു.