ആശങ്കകൾ ഒഴിഞ്ഞു; ഇന്ത്യ- വിൻഡീസ് മത്സരം തിരുവനന്തപുരത്ത് നടക്കും

March 22, 2018


ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ ഇന്ത്യ-വിൻഡീസ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്തു നടത്താൻ തീരുമാനമായി.  കേരളപ്പിറവി ദിനമായ നവംബർ 1 നു നടക്കേണ്ട മത്സരമാണ്  തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് മാറ്റിയിരിക്കുന്നത്. കായിക മന്ത്രിയും കേരളാ ക്രിക്കറ്റ് അസോസിയേഷനും തമ്മിൽ നടന്ന ചർച്ചയിലാണ് വേദി മാറ്റാൻ തീരുമാനമായത്. സർക്കാരിന്റെ അഭ്യർത്ഥനയെ മാനിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് പറഞ്ഞു. വേദി മാറ്റത്തിൽ അന്തിമ തീരുമാനം ശനിയാഴ്ച്ച ചേരുന്ന കെസിഎ  ജനറൽ ബോഡി അറിയിക്കുമെന്നും കൊച്ചിയിൽ ക്രിക്കറ്റിനായി പ്രത്യേകം സ്റ്റേഡിയം നിർമ്മിക്കാൻ സർക്കാർ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ജയേഷ് ജോർജ് വ്യക്തമാക്കി.

നേരെത്തെ കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ-വിൻഡീസ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്.എന്നാൽ ഫുട്ബോളിനായി ഒരുക്കിയ ഉന്നത നിലവാരമുള്ള ടർഫ് ക്രിക്കറ്റിനായി പൊളിച്ചു നീക്കുന്നതിനെ എതിർത്തുകൊണ്ട് നിരവധി കായിക താരങ്ങളും മറ്റു പ്രമുഖരും രംഗത്ത് വന്നതോടെ കേരളാ ക്രിക്കറ്റ് അസ്സോസിയഷൻ തീരുമാനം മറ്റുകായായിരുന്നു. സച്ചിൻ ടെണ്ടുൽക്കർ,സൗരവ് ഗാംഗുലി, ഇയാൻ ഹ്യു൦ , സി കെ വിനീത് തുടങ്ങി നിരവധി താരങ്ങളാണ് ക്രിക്കറ്റിനായി കലൂർ സ്റ്റേഡിയത്തിലെ ടർഫ് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. സർവ്വ സജ്ജീകരണങ്ങളുമായി തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയം ഉള്ളപ്പോൾ എന്തിനാണ് കൊച്ചിയിലെ ഫുട്ബാൾ മൈതാനം അലങ്കോലമാക്കുന്നതെന്നാണ് പ്രധാനമായും ഉന്നയിക്കപ്പെട്ട ചോദ്യം. വിവാദം കത്തിക്കയറിയതോടെ നിരവധി ചർച്ചകൾക്ക്  ശേഷമാണ് കാര്യവട്ടത്തേക്ക് ക്രിക്കറ്റ് മത്സരം മാറ്റാൻ തീരുമാനിച്ചത്.