ബുംറയുടെ ഭാവിയിൽ ആശങ്ക പങ്കുവെച്ച് മുഖ്യ സെലക്ടർ എം എസ് കെ പ്രസാദ്

March 1, 2018

ഇന്ത്യയുടെ ഏറ്റവും മികച്ച ഡെത്ത് ബൗളർമാരിൽ ഒരാളാണ് ജസ്പ്രീത് ബുംറ. ബുംറയുടെ  യോർക്കറുകളുടെയും  സ്ലോ ബൗളുകളുടെയും മികവിൽ ഇന്ത്യ പല തവണ വിജയം നേടിയിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി വളർന്ന ബുംറ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള തന്റെ ടെസ്റ്റ് അരങ്ങേറ്റവും ഗംഭീരമാക്കിയിരുന്നു. പരിമിത ഓവർ ക്രിക്കറ്റിനപ്പുറം ടെസ്റ്റിലും മികച്ച മൂർച്ചയോടെ പന്തെറിയുകയും വിക്കറ്റെടുക്കയും ചെയ്യുന്ന പുതിയ ബൗളറെ കൂടി കിട്ടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും ഒരുപോലെ സന്തോഷിച്ചു.

എന്നാൽ നിരന്തരമായ മത്സരങ്ങൾ ബുംറയെന്ന  സ്പെഷ്യൽ ടാലന്റിന്റെ  ഭാവിയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ടീമിന്റെ മുഖ്യ സെലെക്ടറായ  എം എസ് കെ പ്രസാദ്

 

”ജസ്പ്രീത് ഭുംറയുടെ പ്രകടനത്തിൽ അതിയായ സന്തോഷമുണ്ട്. രഞ്ജി ട്രോഫിയിൽ ഗുജറാത്തിനായി മികച്ച പ്രകടനം  നടത്തിയ നാൾ മുതലേ  അദ്ദേഹത്തിന്റെ കഴിവുകളിൽ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. പക്ഷെ തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂളുകൾക്കിടയിൽ അദ്ദേഹത്തിന്റെ ജോലി ഭാരത്തെക്കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വളരെ അപൂർവമായ  ബൗളിംഗ് ആക്ഷനാണ് അദ്ദേഹത്തിനുള്ളത്.അതിനാൽ തന്നെ ഭുംറയ്ക്ക് പരിക്കേൽക്കാനുള്ള സാധ്യതയും കൂടുതലാണ്. നിർണായകമായ ടെസ്റ്റ് പരമ്പരകളിൽ മാത്രം അദ്ദേഹത്തിന്റെ സേവനം ലഭ്യമാക്കികൊണ്ട് അദ്ദേഹത്തെ കൂടുതൽ സുരക്ഷിതമാക്കി നിർത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം”- എം എസ് കെ പ്രസാദ് പറഞ്ഞു.

കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മൂന്ന് ഫോർമാറ്റുകളിലുമായി  162.1 ഓവറുകളാണ് ഭുംറയെറിഞ്ഞത്.ഇതിൽ  112.1 ഓവറുകളും ടെസ്റ്റ് മൽസരങ്ങളിലായിരുന്നു. ഫാസ്റ്റ് ബൗളർമാർക്ക് പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന വസ്തുത കണക്കിലെടുത്താണ് ഭുംറയുടെ ജോലി ഭാരം കുറക്കുമെന്ന്  എം എസ് കെ പ്രസാദ് പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ 33 വിക്കെറ്റുകൾ പിഴുത ചഹൽകുൽദീപ് ടീമിനെയും മുഖ്യ സെലെക്ടറായ എം എസ് കെ പ്രസാദ് അഭിനന്ദിച്ചു.