പാണ്ഡ്യയുടെ ഭാഗ്യവും പത്താന്റെ നഷ്ടവും..!

March 1, 2018

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് ഇർഫാൻ പത്താൻ. അത്ഭുതപ്പെടുത്തുന്ന സ്വിങ്ങ് ബൗളറായും  വിശ്വസ്തനായ ബാറ്റ്‌സ്മാനായും തിളങ്ങി നിൽക്കുന്നതിനിടെ പരിക്കാണ് പത്താന്റെ ക്രിക്കറ്റ് ഭാവി കീഴ്മേൽ മറിച്ചത്. പിന്നീട് പല തവണ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താൻ ഈ ബറോഡ താരത്തിന് കഴിഞ്ഞില്ല.. നിരന്തര പരിക്കുകൾക്കൊപ്പം  വേണ്ടത്ര അവസരം ലഭിക്കാതാവുക കൂടി ചെയ്തതോടെ ഇർഫാൻ പത്താന് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാതിലുകൾ ഓരോന്നായി അടയുകയായിരുന്നു.

ക്രിക്കറ്റ് കരിയറിൽ ഇരുണ്ട കാലഘട്ടത്തിലൂടെ  കടന്നു പോകുന്ന ഇർഫാൻ പത്താൻ നിലവിൽ  ഇന്ത്യൻ ടീമിലുള്ള ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ വിലയിരുത്തിക്കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

”ഹർദിക്കിനെ സംബന്ധിച്ചിടത്തോളം മികച്ച ഒന്നായിരുന്നില്ല ദക്ഷിണാഫ്രിക്കൻ പര്യടനം..അത് ആർക്കും സംഭവിക്കാവുന്നതാണ്..പക്ഷെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പരിശീലകൻ രവി ശാസ്ത്രിയും അദ്ദേഹത്തിന് നൽകിയ പിന്തുണയാണ് പാണ്ഡ്യക്ക്  ലഭിച്ച ഏറ്റവും വലിയ ഭാഗ്യം.. നായകനും പരിശീലകനും ഒരുപോലെ പ്രോത്സാഹിപ്പിക്കുമ്പോൾ, നിരന്തരം അവസരങ്ങൾ നൽകുമ്പോൾ തീർച്ചയായും അത് നമ്മുടെ ആത്മവിശ്വാസം ഉയർത്തുക തന്നെ ചെയ്യും.ഹർദിക് പാണ്ഡ്യക്ക്ആത്മവിശ്വാസം ഉയരാൻ വേണ്ട സാഹചര്യം കോഹ്ലിയും രവി ശാസ്ത്രിയും ചേർന്നൊരുക്കുന്നുണ്ട്. ഒരു ബൗളർ എന്ന നിലയിൽ ഹർദിക് ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.എന്നാലും ഹർദിക്കിന്റെ കഴിവ് പൂർണമായും പുറത്തെടുക്കാൻ വേണ്ടി കോഹ്ലിയെന്ന നായകൻ ശ്രമിക്കുന്നതിനാൽ വരും നാളുകളിൽ അദ്ദേഹം ഏറെ മികച്ച താരമായി മാറും.”-പത്താൻ പറഞ്ഞു

ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലിയെയും ഇർഫാൻ പത്താൻ പ്രശാസിച്ചു. കോഹ്ലി മുന്നിൽ നിന്നും നയിക്കുന്ന നായകനാണെന്നും ടീമിനെ ഒറ്റക്കെട്ടായി വിജയതൃഷ്ണയോടെ മുന്നോട്ട് കൊണ്ടുപോകാൻ കോഹ്ലിക്ക് കഴിയുന്നുണ്ടെന്നും ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു..

കോഹ്ലിയും രവി ശാസ്ത്രയും ഹർദിക് പാണ്ഡ്യക്ക് നൽകുന്ന പോലുള്ള  പിന്തുണ  നായകനിൽ നിന്നോ പരിശീലകനിൽ നിന്നും ഇർഫാൻ പത്താനു ലഭിച്ചിട്ടില്ല എന്നാണ് താരത്തിന്റെ  വാക്കുകൾ സൂചിപ്പിക്കുന്നതെന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തുന്നത്.