ഐഎസ്എൽ 2018: ഗോവൻ തിരമാലകളെ കീഴടക്കാൻ ചെന്നയിൻ മച്ചാന്മാർ ഇന്നിറങ്ങുന്നു.

March 10, 2018

ഐ എസ് എൽ നാലാം സീസണിലെ രണ്ടാം പ്ലേ ഓഫിൽ കരുത്തരായ എഫ് സി ഗോവയും ചെന്നൈയിൻ എഫ് സി യും ഏറ്റുമുട്ടും. ഇന്ന് രാത്രി എട്ടിന്  ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് ആദ്യപാദ പോരാട്ടം. ലീഗ് ഘട്ടത്തിൽ ആകെ കളിച്ച 18 കളികളിൽ 9 വിജയങ്ങൾ വീതം നേടിയാണ് ഇരു ടീമുകളും പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചത്. അഞ്ചു സമനിലകളും നാലു തോൽവിയുമായി 32 പോയിന്റോടെ ചെന്നൈയിൻ രണ്ടാം സ്ഥാനത്തും മൂന്നു സമനിലകളും ആറു തോൽവികളും വഴങ്ങി 30 പോയിന്റുകളുമായി ഗോവ മൂന്നാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

18 കളികളിൽ നിന്നായി 42 ഗോളുകൾ നേടിയ ഗോവൻ മുന്നേറ്റ നിരയെ ചെന്നൈയിൻ എഫ് സി എങ്ങനെ കീഴടക്കുമെന്നതിനെ ആശ്രയിച്ചാണ് ഇന്നത്തെ കളിയുടെ ഫലം നിർണയിക്കപ്പെടുക.ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ  സ്കോർ ചെയ്ത ഗോവ പക്ഷെ പ്രതിരോധത്തിൽ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചിട്ടുള്ളത്.റെക്കോർഡ് ഗോളുകൾ സ്കോർ ചെയ്തപ്പോൾ തന്നെ 28 ഗോളുകൾ വഴങ്ങാനും ലൊബേര  പരിശീലിപ്പിക്കുന്ന ഗോവൻ ടീം മടികാട്ടിയില്ല. ഗോൾ അടിക്കുന്നതിലും വഴങ്ങുന്നതിലും ഗോവയെക്കാൾ പിശുക്ക് കാട്ടിയിട്ടുള്ള ചെന്നൈയിൻ എഫ് സി യുടെ മികച്ച മധ്യനിരയാണ് അവരുടെ പ്രധാന കരുത്ത്. അവസാന അഞ്ചു കളികളിൽ പരാജയപരിയാതെ മുന്നേറുന്ന ചെന്നൈയിനും നിർണായകമായിരുന്ന അവസാന മൂന്നു മത്സരങ്ങളിൽ  എതിരാളികളെ ഗോൾ മഴയിൽ മുക്കി വിജയം നേടിയ ഗോവയും  വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങുമ്പോൾ  പോരാട്ടം തീപാറുമെന്നുറപ്പാണ്.