ഐ എസ് എൽ ഫൈനലിന് പുതിയ വേദി പ്രഖ്യാപിച്ച് അധികൃതർ..

March 9, 2018

ഐ എസ് എല്ലിന്റെ നാലാം സീസൺ ഫൈനൽ വേദിക്ക്  അപ്രതീക്ഷിത മാറ്റം.കൊൽക്കത്തയിലെ സാൾട്ട് ലേക്കിൽ നിശ്ചയിച്ചിരുന്ന ഫൈനൽ മത്സരം ബെംഗളൂരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.. ഐ എസ് എൽ അധികൃതർ തന്നെയാണ് വേദിമാറ്റത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

അമർ തൊമർ കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായതിന്റെ  അടിസ്ഥാനത്തിലാണ് വേദി മാറ്റമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഫൈനൽ വേദിക്കായി ചെന്നൈയിൻ എഫ് സിയും എഫ് സി ഗോവയും ശക്തമായി സമ്മർദ്ദം ചെലുത്തിയെങ്കിലും ഐ എസ് എൽ അധികൃതർ ബംഗളുരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരു എഫ് സിയാണ്  അപ്രതീക്ഷിത വേദി മാറ്റത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ..പ്ലേ ഓഫിലെ രണ്ടാം പാദ പോരാട്ടങ്ങൾക്കായി ബെംഗളൂരുവിൽ ബൂട്ടുകെട്ടാനിറങ്ങുന്ന സുനിൽ ഛേത്രിക്കും സംഘത്തിനും കലാശക്കൊട്ടിനും സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കാനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നത്.