ബെർബെറ്റോവിനു പിറകെ ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്‌സ് വിടുന്നു…

March 7, 2018

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബൾഗേറിയൻ സ്‌ട്രൈക്കർ ബെർബറ്റോവിനു  പിറകെ ഇന്ത്യൻ താരങ്ങളായ ജാക്കി ചന്ദ് സിങ്ങും മിലൻ സിങ്ങും കേരളാ ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സൂചന. നാലാം സീസണിൽ ബ്ലാസ്റ്റെഴ്‌സിന്റെ മധ്യ നിരയിലെ നിർണായക താരങ്ങളായ ജാക്കിയും മിലനും ടീം വിടുന്നത് ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നാണ് ഫുട്ബാൾ നിരൂപകർ വിലയിരുത്തുന്നത്.

പ്ലേ ഓഫിന് യോഗ്യത നേടാനായില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച  ജാക്കി ചന്ദ് എഫ് സി ഗോവയിലേക്കാണ് കൂടുമാറുന്നത്.  അടുത്ത രണ്ടു ഐ എസ് എൽ സീസണിലേക്കായി 1.9 കോടി രൂപയ്ക്കാണ് സെർജിയോ ലൊബേര പരിശീലിപ്പിക്കുന്ന ഗോവ ജാക്കിയെ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിനായി 17 തവണ കളത്തിലിറങ്ങിയ ജാക്കി രണ്ടു ഗോളുകളും നേടിയിട്ടുണ്ട്. നേരെത്തെ ബ്ലാസ്റ്റേഴ്‌സിന്റെ തന്നെ മുന്നേറ്റ നിര താരമായിരുന്ന മാർക്ക് സിഫിനിയോസിനെയും ഗോവ സ്വന്തം പാളയത്തിലെത്തിച്ചിരുന്നു.

മധ്യ നിരയിലെ മറ്റൊരു  പ്രമുഖ താരമായ മിലൻ സിംഗിനെ  മുംബൈ സിറ്റി എഫ് സിയാണ് സ്വന്തമാക്കുന്നത്. അതെ സമയം നോർത്ത് ഈസ്റ്റ് യൂണൈറ്റഡിന്റെ സൂപ്പർ താരം സെയ്മിന്‍ലെന്‍ ഡംഗൽ   ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 2 .4 കോടി രൂപയ്ക്ക്  അടുത്ത മൂന്നു സീസണുകളിൽ ഡംഗൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ടണിയുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.