അദ്ദേഹം ടോപ്പറായ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി മാത്രമാണ് ഞാൻ: ദിനേഷ് കാർത്തിക്

March 21, 2018

ദിനേഷ് കാർത്തിക് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ക്രിക്കറ്റ് ജാതകം തന്നെ മാറ്റിക്കുറിക്കുന്ന സിക്‌സായിരുന്നു അത്. അഞ്ചു റൺസകലെ വിജയവും പരാജയവും മാറിമറിഞ്ഞ അവസാനപന്തിൽ സൗമ്യ സർക്കാരിനെ സിക്സർ പായിച്ചതോടെ ദിനേഷ് കാർത്തിക് ഇന്ത്യയുടെ മുഴുവൻ സൂപ്പർ ഹീറോ ആയി മാറുകയായിരുന്നു. കരിയർ തുടങ്ങി വർഷങ്ങളായെങ്കിലും ദിനേഷ് കാർത്തിക് എന്ന ബാറ്റ്സ്മാനെ ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന പ്രകടനങ്ങളൊന്നും ഇതുവരെ പുറത്തെടുക്കാൻ സാധിക്കാതിരുന്ന   താരത്തിന് പിന്നിട്ട വഴികളിലെപ്പോഴോ നഷ്ടപ്പെട്ടുപോയ ആത്മവിശ്വാസം വീണ്ടെടുത്തു നൽകുന്നതായിരുന്നു ആ ഇന്നിംഗ്സ്..

എം എസ് ധോണിക്കും മുൻപേ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച താരമാണ് ദിനേഷ് കാർത്തിക്.എന്നാൽ ധോണിയെന്ന മഹാ മാന്ത്രികന്റെ തേരോട്ടത്തിൽ പലപ്പോഴും രണ്ടാമനാകാനായിരുന്നു  തമിഴ് നാട്ടുകാരനായ ദിനേഷ് കാർത്തിക്കിന്റെ യോഗം. ഇന്ത്യയുടെ ഭാവി നായകൻ എന്ന് മുൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ വാഴ്ത്തിയ ദിനേഷ് കാർത്തിക് പലതവണ ടീമിലെ പകരക്കാരുടെ പട്ടികയിൽ ഊഴം കാത്തു കിടന്നതും മറ്റൊരു വിരോധാഭാസം. എന്നാൽ നിദാഹസ് ട്രോഫി ഫൈനലിലെ പ്രകടനത്തോടെ ബെസ്റ്റ് ഫിനിഷർ എന്ന  നിലയിൽ എം എസ് ധോണിയുടെ പകരക്കാരനാകാൻ ഡികെ  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ദിനേഷ് കാർത്തിക്കിന് സാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും.

എന്നാൽ ധോണിയുമായുള്ള താരതമ്യപ്പെടുത്തലുകളിൽ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ദിനേഷ് കാർത്തിക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

”ധോണിയുമായി എന്നെ താരതമ്യം ചെയ്യുന്നത് തികച്ചും അനുചിതമായ കാര്യമാണ്.അദ്ദേഹം ടോപ്പറായ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി മാത്രമാണ് ഞാൻ. ധോണിയുടെ യാത്ര തികച്ചും വ്യത്യസ്തമായ വഴികളിലൂടെയായിരുന്നു.അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്..യുവാക്കളെ എന്നും പ്രചോദിപ്പിക്കുന്ന വ്യക്തിയാണ് ധോണി.അദ്ദേഹത്തിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവരികയാണ്”-കാർത്തിക് പറഞ്ഞു.

രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും ഇത്രയും നാളത്തെ ക്രിക്കറ്റ് ജീവിതം നൽകിയ അനുഭവ സമ്പത്താണ് കൃത്യസമയത്തു സിക്സർ പായിക്കാൻ തന്നെ സഹായിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു.