ആരാധകർക്ക് സന്തോഷ വാർത്ത; സൂപ്പർ താരവുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

March 9, 2018


പ്രമുഖ താരങ്ങൾ ഓരോരുത്തരായി ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങിക്കൊണ്ടിരിക്കെ ആരാധകർക്ക് സന്തോഷ വാർത്തയുമായി  ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ്.ടീമിലെ നിർണായക ഘടകമായ യുവതാരം ലാൽരുത്താരയുമായുള്ള കരാർ ടീം മാനേജ്‍മെന്റ്  മൂന്നു വർഷത്തേക്ക് കൂടി നീട്ടിയതായാണ് പുറത്തു വരുന്ന റിപ്പോർട്ട്.പ്രമുഖ സ്പോർട്സ് വെബ്സൈറ്റായ  ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2021 വരെ   ലാൽരുത്തരയുമായുള്ള  കരാർ നീട്ടാൻ മാനേജ്‌മന്റ് തീരുമാനിച്ചതായാണ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെന്റർ ബാക്, റൈറ്റ് ബാക്ക് തുടങ്ങിയ പ്രതിരോധ നിരയിലെ സുപ്രധാന പൊസിഷനുകളിലെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ലാൽരുത്താര. 23 വയസ്സുകാരനായ  മിസോറാം താരത്തിന്റെ ഫിറ്റ്നസ്സും താരത്തെ ടീമിൽ നിലനിർത്താൻ ബ്ലാസ്‌റ്റേഴ്‌സിനെ പ്രേരിപ്പിച്ചിട്ടുണ്ട്. ലാൽരുത്താര ടീമിലെ അവിഭാജ്യ ഘടകമാണെന്നും ഏതു പൊസിഷനിലും കളിയ്ക്കാൻ പ്രാപ്തനായ താരം ടീമിന് മുതൽക്കൂട്ടാവുമെന്നും ടീമിന്റെ പരിശീലകനായ ഡേവിഡ് ജെയിംസ് ടീം മാനേജ്മെന്റിനെ അറിയിച്ചതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ബ്ലാസ്റ്റേഴ്സ്റ്റിനായി 17 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരത്തിനായി ഐഎസ് എല്ലിലെ ആറു ടീമുകൾ കരുക്കൾ നീക്കവെയാണ് ലാൽരുത്താരയുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്.