സർപ്രൈസുകൾ അവസാനിക്കുന്നില്ല..മലയാളി സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്..?

March 10, 2018

മുംബൈ സിറ്റി എഫ് സിയുടെ മലയാളി  മധ്യനിര താരം എം പി സക്കീറിനെ മഞ്ഞപ്പടയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്‍മെന്റ് നീക്കം തുടങ്ങിയതായി റിപ്പോർട്ടുകൾ..പ്രശസ്ത സ്പോർട്ട്സ് വെബ്സൈറ്റായ ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഐ എസ് എൽ നാലാം സീസണിൽ മുംബൈ സിറ്റി എഫ് സിക്കായി 9 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരമാണ് മലപ്പുറം സ്വദേശിയായ എം പി സക്കീർ.

മികച്ച മധ്യ നിരയുടെ അഭാവമായിരുന്നു  നാലാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട പ്രധാന പ്രതിസന്ധികളിലൊന്ന്. കറേജ് പെക്കൂ സണും ജാക്കിചന്ദും മിലൻ സിങ്ങുമടക്കം നിരവധി അറ്റാക്കിങ് മിഡ്‌ഫീൽഡർമാർ ടീമിലുണ്ടായിരുന്നെങ്കിലും  മധ്യ നിരയിൽ കളി മെനയുകയും,  നിയന്ത്രിക്കുകയും  ചെയ്യുന്ന ഒരു മിഡ്‌ഫീൽഡ് ജനറലിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സിനെ വല്ലതെ ബാധിച്ചിരുന്നു. ലോങ്ങ് ബോളുകളിലൂടെയുള്ള കളി തന്ത്രം മെനയാൻ ഡേവിഡ് ജെയിംസിനെ നിർബന്ധിതമായാക്കിയതും ഈ മിഡ്‌ഫീൽഡ് പോരായ്മകളായിരുന്നു.

ജാക്കി ചന്ദും മിലൻ സിങ്ങുമടക്കം മധ്യ നിരയിൽ നിന്നും കൊഴിഞ്ഞുപോയവർക്ക് പകരമായി മികച്ച താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മികച്ച മധ്യനിര താരമായ സക്കീറിനെ മഞ്ഞപ്പടയിലെത്തിക്കാൻ ടീം മാനേജ്‌മന്റ് ശ്രമിക്കുന്നത്.   കഴിഞ്ഞ രണ്ടു സീസണുകളിൽ ചെന്നൈക്കുവേണ്ടി പന്ത് തട്ടിയ  27 കാരനായ സക്കീർ മോഹൻബഗാൻ സാൽഗോക്കർ ടീമുകളിലും കളിച്ചിട്ടുണ്ട്.