ചാമ്പ്യൻസ് ലീഗിലെ തോൽവി; സൂപ്പർ താരവും പരിശീലകനും പി എസ് ജി യിൽ നിന്നും പുറത്തേക്ക്..!
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ കടുത്ത നടപടികൾക്കൊരുങ്ങി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജർമെയ്ൻ.. ടീമിലെ സൂപ്പർ താരം എഡിസൺ കവാനിയും ടീമിന്റെ പരിശീലകനായ ഉനെയ് എമെറിയും അടുത്ത സീസണിൽ ടീമിനോടൊപ്പമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ഫ്രഞ്ച് മാധ്യമമായ പാരിസിയന്‍ ഇക്കാര്യം പുറത്തുവിട്ടത്.
ഫ്രഞ്ച് ലീഗ് വണ്ണിൽ എതിരാളികളില്ലാതെ മുന്നേറുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി കാലിടറുന്നതാണ് എമെറിക്ക് പകരം പുതിയ പരിശീലകനെ തേടാൻ പിഎസ്ജി ടീം മാനേജ്മെന്റിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ലോക റെക്കോർഡ് തുകയായ 222 മില്യൺ ഡോളറിന് ബ്രസീലിയൻ സ്‌ട്രൈക്കർ നെയ്മറെയും 180 മില്യൺ ഡോളറിന് എംബാപ്പയെയും ടീമിലെത്തിച്ചുവെങ്കിലും യൂറോപ്പിന്റെ ചാമ്പ്യന്മാരാവാനുള്ള ടീമിന്റെ ആഗ്രഹം മാത്രം നിറവേറ്റപ്പെട്ടില്ല. ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം മൂലം അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കണമെങ്കിൽ നിലവിൽ ടീമിലുള്ള സൂപ്പർ താരങ്ങളിൽ ഒരാളെയെങ്കിലും വിട്ടുകൊടുക്കേണ്ട അവസ്ഥയിലാണ് പിഎസ്ജി.
മികച്ച ഫോമിലുള്ള എഡിസൺ കവാനിയെ സ്വന്തമാക്കാൻ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും കടുത്ത മത്സരം നടത്തുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. 60 മില്യൺ ഡോളറിനാണ് ഇരു ടീമുകളും താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.