സംവാദ യാത്രയിൽ വിശ്വവിജയിയായി ആർ ശ്രീകണ്ഠൻ നായർ..! ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച ടെലിവിഷൻ അവതാരകൻ എന്ന ലോക ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ആർ ശ്രീകണ്ഠൻ നായർ. കൊട്ടാരക്കര എം ജി എം സ്കൂളിൽ വെച്ച് നടന്ന ശ്രീകണ്ഠൻ നായർ ഷോയിലൂടെയാണ് ലോക ടെലിവിഷൻ ചരിത്രത്തിലെ അത്യപൂർവ റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയത്.ആറു മണിക്കൂർ നീണ്ടുനിന്ന മാരത്തോൺ സംവാദ യാത്രയിൽ 675 ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഫ്ളവേഴ്സ് ചാനലിന്റെ അമരക്കാരനായ ആർ ശ്രീകണ്ഠൻ നായർ ലോക റെക്കോർഡിലേക്ക് നടന്നു കയറിയത്. 175 ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ബിബിസി ചാനൽ അവതാരകനായിരുന്ന ഗ്രഹാം നോർട്ടൻ 2013 ൽ സ്ഥാപിച്ച റെക്കോർഡാണ് ശ്രീകണ്ഠൻ നായർ എന്ന സംവാദ കലയിലെ അതികായനു മുന്നിൽ വഴിമാറിയത് .
കേരളത്തിലെ ടൂറിസം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തോടെയാണ് ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുകൊണ്ടുള്ള ശ്രീകണ്ഠൻ നായർ ഷോ ആരംഭിച്ചത്. ആഴമേറിയ ചർച്ചകളിലൂടെ, കരുത്തേറിയ ചോദ്യശരങ്ങളും മൂർച്ചയേറിയ ഉത്തരങ്ങളുമായി മുന്നേറിയ ശ്രീകണ്ഠൻ നായർ ഷോയിൽ പിന്നീട് ഉയർന്നു വന്ന ചർച്ച അമ്മയെക്കുറിച്ചായിരുന്നു.സ്വന്തം ‘അമ്മ നിങ്ങളെ എന്തു പഠിപ്പിച്ചു എന്ന ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മാതൃത്വത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഗഹനമേറിയ ഉത്തരങ്ങളാണ് ചർച്ചക്കെത്തിയവർ നൽകിയത്.
വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ സൈബർ ലോകത്ത് യുവ തലമുറ സുരക്ഷിതരാണോ..? എന്ന ചോദ്യമായിരുന്നു മൂന്നാമതായി ഉന്നയിക്കപ്പെട്ടത്. സൈബർ ലോകത്ത് വ്യാപരിക്കുന്ന യുവ തലമുറകളുടെ സാധ്യതകളും അവരെ കാത്തിരിക്കുന്ന ചതിക്കുഴികളെയും പറ്റി ആഴത്തിൽ വിശകലനം ചെയ്ത സംവാദ യാത്രയിൽ പിന്നീട് മലയാള സിനിമാ മേഖലയിലെ താരാരാധനയുടെ വിവിധ വശങ്ങളാണ് ചർച്ച ചെയ്തത്.
കേരളീയരുടെ ഫാഷൻ ഭ്രമങ്ങളെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നുകൊണ്ടായിരുന്നു ആർ ശ്രീകണ്ഠൻ നായർ അഞ്ചാം ചോദ്യശരവുമായെത്തിയത്. ‘കേരളം ഫാഷൻ ഉൽപ്പന്നങ്ങളുടെ മാർക്കറ്റ്’ എന്നതായിരുന്നു അഞ്ചാമതായി മുന്നോട്ടുവെച്ച വിഷയം.മാറുന്ന മലയാളികളുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മാരത്തോൺ സംവാദത്തിലെ അവസാന വിഷയം അവതരിപ്പിച്ചത്.മാറുന്ന മലയാളികളെക്കുറിച്ചുള്ള ആശകളും ആശങ്കകളും ഒരുപോലെ വിഷയമാക്കിയ ചർച്ചയിലൂടെ 675 ചോദ്യങ്ങളുടെ അകമ്പടിയോടെയാണ് ആർ ശ്രീകണ്ഠൻ നായർ പുതു ചരിത്രം കുറിച്ചത്.
ചോദ്യ ശരങ്ങളുമായി ലോകത്തിന്റെ നെറുകയിലേക്ക് നടന്നുകയറിയ ആർ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് ആഴമേറിയ ഉത്തരങ്ങൾ നൽകികൊണ്ട് സംവാദത്തിൽ പങ്കാളികളായ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ് ഈ ചരിത്രവിജയം.. ആറു മണിക്കൂറുകൾ നീണ്ടു നിന്ന ഐതിഹാസിക ടോക് ഷോ തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ട് ഫ്ളവേഴ്സ് ചാനലും ചരിത്രത്തിൽ ഇടം നേടി. ഗിന്നസ് ലോക റെക്കോർഡ് കുറിച്ച സംവാദത്തിനു ശേഷം നടന്ന ഫ്ളവേഴ്സ് സ്റ്റാർ നൈറ്റും തത്സമയം പ്രേക്ഷകരിലെത്തിച്ചുകൊണ്ട് 11 മണിക്കൂർ ലൈവ് ടെലികാസ്റ്റിംഗുമായാണ് ഫ്ളവേഴ്സ് പ്രേക്ഷകർക്കൊപ്പം ഗിന്നസ് ഉത്സവം ആഘോഷിച്ചത് .